സോള്‍: ഇന്ത്യയുടെ പി വി സിന്ധുവും കെ ശ്രീകാന്തും കൊറിയ ഓപ്പണ്‍ ബാഡ്മിന്റണ്‍ സെമിയിലെത്തി. വനിതാ വിഭാഗം സിംഗിള്‍സില്‍ തായ്ലന്‍ഡിന്റെ ബുസാനന്‍ ഒങ്ബാമ്രുന്‍ഫാനിനെ നേരിട്ടുള്ള ഗെയിമുകളില്‍ തകര്‍ത്താണ് സിന്ധുവിന്റെ മുന്നേറ്റം.
സ്കോര്‍ 21-10 21-16. ശനിയാഴ്ചയാണ് സെമി പോരാട്ടം.
സെമിയില്‍ സിന്ധുവിന് കടുത്ത എതിരാളിയാണ് കാത്തിരിക്കുന്നത്. രണ്ടാം സീഡായ കൊറിയയുടെ ആന്‍ സ്യുയോങ് ആണ് സെമിയില്‍ സിന്ധു നേരിടുക. കഴിഞ്ഞ വര്‍ഷം സ്യുയോങിനോട് സിന്ധു രണ്ട് തവണ പരാജയപ്പെട്ടിരുന്നു.
പുരുഷ വിഭാഗത്തില്‍ ലോകചാമ്പ്യന്‍ഷിപ്പ് വെള്ളി മെഡല്‍ ജേതാവായ കെ ശ്രീകാന്ത് കൊറിയയുടെ സോണ്‍ വാനിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകളില്‍ തകര്‍ത്താണ് അവസാന നാലിലെത്തിയത്. സ്കോര്‍. 21-12 18-21 21-12. കൊറിയന്‍ താരത്തിനെതിരായ പോരാട്ടങ്ങളില്‍ 4-7 വിജയാധിപത്യമുണ്ടെങ്കില്‍ അവസാനം നടന്ന മൂന്ന് മത്സരങ്ങളിലും ശ്രീകാന്ത് തോറ്റിരുന്നു.
അതേസമയം, ലക്ഷ്യ സെന്‍ രണ്ടാംറൗണ്ടില്‍ പുറത്തായി. ഇന്തൊനേഷ്യന്‍ താരം ഷെസാര്‍ ഹിരണ്‍ ആണ് ലക്ഷ്യയെ അട്ടിമറിച്ചത്. സ്കോര്‍: 22-20, 21-9. ഇന്ത്യന്‍ താരം മാളവിക ബന്‍സോദും രണ്ടാം റൗണ്ടില്‍ പുറത്തായി. ഡബിള്‍സില്‍ ഇന്ത്യയുടെ സാത്വിക് സായ്രാജ്- ചിരാഗ് ഷെട്ടി
സഖ്യം ക്വാര്‍ട്ടറിലേക്ക് മുന്നേറി.
ഇക്കഴിഞ്ഞ സ്വിസ് ഓപ്പണില്‍ സിന്ധു കിരീടം നേടിയിരുന്നു. തായ്ലന്ഡ് താരം ബുസാനനെ നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധു തോല്‍പ്പിച്ചിരുന്നത്. സ്കോര്‍ 21-16, 21-8. ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാം കിരീടമായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിലേത്. സയ്ദ് മോദി ഇന്ത്യ ഇന്റര്‍നാഷണല്‍ കിരീടം ജനുവരിയില്‍ സിന്ധു നേടിയിരുന്നു.