ഭോപാൽ: മധ്യപ്രദേശിൽ ബി.ജെ.പി. എം.എൽ.എക്ക് എതിരായ പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകരെ അർധനഗ്നരാക്കി പോലീസ്. മാധ്യമ പ്രവർത്തകരേയും മറ്റുളളവരേയും അടിവസ്ത്രത്തിൽ സിദ്ധി ജില്ലയിലെ പോലീസ് സ്റ്റേഷനിൽ നിർത്തിയിരിക്കുന്ന ഫോട്ടോ പുറത്തുവന്നു.
ബി.ജെ.പി എം.എൽ.എയായ കേദർനാഥ് ശുക്ലയ്ക്കും മകൻ കേദർ ഗുരു ദത്ത് ശുക്ല എന്നിവർക്കുമെതിരെ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അപമര്യാദയായ ആരോപണങ്ങൾ ഉന്നയിച്ച നാടക പ്രവർത്തകൻ നീരജ് കുന്ദറിനെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിനെതിരെ നടന്ന പ്രതിഷേധം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയാണ് അടിവസ്ത്രത്തിൽ നിർത്തിയത്.
നീരജ് കുന്ദറിനെ പിന്തുണച്ചു സ്റ്റേഷനിൽ എത്തിയ മറ്റൊരു നാടക പ്രവർത്തകൻ നരേന്ദ്ര ബഹദൂർ സിങിനേയും അറസ്റ്റ് ചെയ്തു. കനിഷ്ക തിവാരി എന്ന മാധ്യമ പ്രവർത്തകനേയും അദ്ദേഹത്തിന്റെ ക്യാമറ പേഴ്സണേയും അറസ്റ്റ് ചെയ്തു. ഇവരെ പതിനെട്ട് മണിക്കൂർ പോലീസ് കസ്റ്റഡിയിൽ വെച്ചു.
“നിങ്ങൾ എന്തിനാണ് എംഎൽഎക്കെതിരെ കഥകൾ പ്രചരിപ്പിക്കുന്നത്, എന്തിനാണ് എംഎൽഎക്കെതിരായ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതെന്നും പൊലീസ് ചോദിച്ചു.”- കനിഷ്ക തിവാരി പറഞ്ഞു.
“ഏപ്രിൽ 2 ന് രാത്രി 8 മണിക്ക് പൊലീസ് തങ്ങളെ കസ്റ്റഡിയിൽ എടുക്കുകയും ഏപ്രിൽ 3 ന് വൈകുന്നേരം 6 മണിക്ക് ഞങ്ങളെ വിട്ടയക്കുകയും ചെയ്തുവെന്നും,” തിവാരി പറഞ്ഞു.
എന്നാൽ ഒരു മാധ്യമ പ്രവർത്തകരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിദ്ധി പൊലീസ് സൂപ്രണ്ട് മുകേഷ് കുമാർ ശ്രീവാസ്തവ പറഞ്ഞു. അക്രമത്തിന് സാധ്യതയുളളതിനാൽ മുൻകരുതൽ ചിലരെ തടങ്കലിലാക്കിയതാണെന്നും അതിൽ മാധ്യമ പ്രവർത്തകരില്ലെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.