സിപിഎം പോളിറ്റ് ബ്യൂറോയിലെ ദലിത് പ്രവേശനത്തെപറ്റി ‘ചരിത്രപരമായ കാരണം’ എന്ന് യെച്ചുരി പറഞ്ഞത് തെറ്റൊന്നുമല്ല. പക്ഷേ ചരിത്രപരമായി തുടരുന്ന അധികാരബന്ധം ജാതിയുടെതാണ് (power dynamics of caste) എന്നതാണ് വസ്തുത. അത് രാഷ്ട്രീയ പാർട്ടികൾ, മുന്നണികൾ തമ്മിലുള്ള അതിവരമ്പുകൾ ഭേദിച്ച് നിൽക്കുന്ന ഒന്നാണ്. അതിനെ ബ്രേക്ക് ചെയ്യാൻ മുഖ്യധാരാ ഇടതുപക്ഷം എന്ത് ചെയ്തു എന്ന് ചോദിച്ചാൽ ഒന്നും ചെയ്തിട്ടില്ല എന്നുമാത്രമല്ല അതിനെ നിലനിർത്താനും അരക്കിട്ടുറപ്പിക്കാനും കൂടുതൽ ബലപ്പെടുത്താനും ഉതകുന്നതെല്ലാം ചെയ്തു എന്ന് കാണാവുന്നതാണ്. ഭൂ,വിഭവാധികാരങ്ങളുടെ വിതരണത്തിലും പങ്കുവെയ്ക്കലിലും കീഴാള വിഭാഗങ്ങളെ അന്യവൽക്കരിക്കുന്ന പണി തന്നെയാണ് അവർ ചെയ്തത്.
കൃഷി ഭൂമിയിൽ നിന്ന് ദളിതനെ അന്യവൽക്കരിച്ച് മൂന്നു സെൻ്റ് കോളനിയിൽ ഒതുക്കിയ ശങ്കരൻ നമ്പൂതിരിപ്പാടിൻ്റെ ഭൂപരിഷ്കരണം. ഇന്നിപ്പോൾ അത് എല്ലാവർക്കും 450 sq ft വീട് എന്ന വർഗപ്രശ്നമാക്കി അട്ടിമറിച്ചു. പ്രതിപക്ഷത്തിൻ്റെ ഒത്താശയോടെ വനഭൂമിയിൽ നിന്ന് ആദിവാസിയെ അന്യവൽക്കരിച്ച നായനാരുടെ 1996 ലേ നൊട്ടോറിയസ് ആക്ട് (പട സിനിമ ചർച്ചചെയ്യുന്ന നിയമം). സാമുദായിക സംവരണവും EWS എന്ന സവർണ സംവരണവും ഒരുപോലെ വേണം എന്ന് അധര വ്യായാമം നടത്തുമ്പോഴും ദലിത്, ആദിവാസി, പരമ്പരാഗത മത്സ്യബന്ധന സമൂഹങ്ങളെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയുടെ പടിക്ക് പുറത്ത് നിർത്തുന്ന നിലപാട്. ഇവയൊക്കെ വിമർശനാത്മകമായി വിലയിരുത്താൻ സിപിഎം പോളിറ്റ്ബ്യുറോയൊ, പാർട്ടി കോൺഗ്രസുകളൊ തയ്യാറായിട്ടുണ്ടോ?
മേലാളവിഭാഗങ്ങളെ സംബന്ധിച്ചടുത്തോളം ജാതി ഒരു ക്യാപിറ്റൽ ആയാണ് പ്രവർത്തിക്കുന്നതെന്നും, അതിന് പുനരുൽപ്പാദന സ്വഭവമുണ്ടെന്നും അത് കൃത്യമായി ജാതിഅധികാര ബന്ധങ്ങളെ പുനരുൽപ്പാദിപ്പിക്കുന്നുണ്ടെന്നും ഉള്ള വസ്തുത മനസ്സിലാകാത്തവരാണോ യെച്ചൂരി അടക്കമുള്ള നേതാക്കൾ ? മേലാളർക്ക് ജാതി ക്യാപിറ്റൽ ആണെന്ന് മനസ്സിലാക്കാൻ ബോർദിയൊവിലേക്കൊന്നും പോകാതെ മർക്സിസിൽ നിന്ന് തന്നെ സാധ്യമാണ്. അങ്ങനെവരുമ്പോൾ യെച്ചൂരിഅടക്കമുള്ളവർ തങ്ങളുടെ കാസറ്റ് ക്യാപിറ്റലിനെ, പ്രിവിലേജ്കളെ വിമർശനാത്മകമായി സമീപിക്കേണ്ടിവരും. അതിന് തയ്യാറാകുന്നില്ല എന്നതാണ് ഇവിടത്തെ പ്രശ്നം. സ്വാഭാവികമായും അത്തരം hegemonic ആയ പ്രവണതകൾക്കെതിരെ കീഴാള വിഭാഗത്തിൽ നിന്ന് വിമർശനങ്ങൾ വരും. അത്തരം counter hegemonic വിമർശനങ്ങളെ സ്വത്വവാദ ചാപ്പയടിച്ച് തള്ളികളയുകല്ലാതെ അതിനോട് engage ചെയ്യാൻ ഇടതുപക്ഷം ഒരിക്കലും ശ്രമിച്ചിട്ടില്ല.
സ്വയം സ്വതമുണ്ടന്ന് തിരിച്ചറിയുകയും, നിലനിൽക്കുന്ന അധികാരബന്ധത്തിൽ ഇടംപിടിക്കുന്നതിനു തങ്ങളുടെ സ്വത്വം എപ്രകാരം തങ്ങൾക്ക് ഗുണപരമായി ഭവിച്ചു എന്നതിനോട് introspection നടത്തുകയും ചെയ്യുക എന്നതാണ് സ്വത്വവാദ വിമർശനതതിൻ്റെ ആദ്യപടി. ഏതെങ്കിലും ഇടതുനേതാക്കൾ അത് ചെയ്തിട്ടുണ്ടോ?
പാർട്ടിയിലെ ദളിതരെ PKS ആക്കി അന്യവൽക്കരിക്കാതെ അവർക്ക് പാർട്ടി ഉപരി കമ്മറ്റികളിൽ പ്രാതിനിധ്യം നൽകാൻ സിപിഎം ന് കഴിയാത്തത് എന്തുകൊണ്ട്? കീഴാള വിഭാഗത്തിൽ നിന്ന് പാർട്ടിയിൽ ഉയർന്നു വർന്നവരാൻ അർഹതയുള്ളവരെ, പ്രാദേശിക ഭരണകൂടങ്ങളുടെ നേതൃസ്ഥാനത്ത് പരിഗണിക്കാൻ യോഗ്യതയുള്ളവരെയൊക്കെ പാർട്ടി നേതൃത്വത്തിലെ ജാതി അധികാരബന്ധം വെട്ടി നിരത്തിയിട്ടുണ്ട്. സംവരണമില്ലാത്ത ഇടങ്ങളിലെല്ലാം കീഴാളർ അധികാരത്തിൽ വരാതിരിക്കാൻ കൃത്യമായ പണി പാർട്ടിഘടകങ്ങളിലെ ജാതി നേതൃത്വം എടുത്തിട്ടുണ്ട്. അങ്ങനെ കൊഴിഞ്ഞുപോയ പതിനായിരക്കണക്കിന് കീഴാളനേതാക്കളെ കാണാൻ കഴിയും. ഉന്നത പാർട്ടി നേതൃത്വം ഇത്തരം പ്രവണതകളെ വിമർശനാത്മകമായി സമീപിക്കാൻ തയ്യാകാത്തത് എന്തു കൊണ്ട്?
പഴയ People’s war group കാര് അവരുടെ pb യില് കൃത്യമായ ദലിത്, ആദിവാസി, സ്ത്രീ പ്രാതിനിധ്യം ഉറപ്പുവരുത്തിയിരുന്നു. സിപിഎം ന് എന്തുകൊണ്ട് അത് കഴിയുന്നില്ല? Electoral politics ൽ dominant social power നേ പരിധിയില്ലാതെ തൃപ്തിപെടുത്തുന്ന സിപിഎം ന് എന്തുകൊണ്ടാണ് ആന്തരികമായി അതിൻ്റെ പാർട്ടിഘടനയിലെങ്കിലും ജാതിഅധികാര ബന്ധത്തെ പൊളിച്ചെഴുത്ത് നടത്താനുള്ള ധാർമികത കാണിക്കാനുള്ള ആർജവം ഇല്ലാതെ പോയത്? ജാതി തൊഴിൽ വിഭജനം മാത്രമല്ല, തൊഴിലാളികൾക്കിടയിലെ വിഭജനം കൂടിയാണ് എന്ന അംബേദ്കറുടെ നിരീക്ഷണത്തെ എന്ത്കൊണ്ട് ഇടതു പക്ഷത്തിന് കാലമേറെ ആയിട്ടും അഡ്രസ്സ് ചെയ്യാൻ കഴിയുന്നില്ല ?
ചരിത്രപരമായി തുടരുന്ന നെറികെടിനെ ചരിത്രപരമെന്ന് പറഞ്ഞു കയ്യോഴിയാതെ തിരുത്താൻ തയ്യാറാകണ്ടതല്ലേ? അത് ഉണ്ടാകാത്തപക്ഷം brahmin boys ൻ്റ് പാർട്ടിയായി തന്നെ ഇത് നിലനിർത്തണം എന്ന നിലപാട് തന്നെയാണ് യെച്ചൂരിക്കും കൂട്ടർക്കും. അതുകൊണ്ട് യെച്ചൂരിയോടോ ഇടതുപക്ഷത്തിനോടോ ഇത്തരത്തിൽ engage ചെയ്യൂന്നതിൽ ഒട്ടും തന്നെ പ്രസക്തിയില്ല. ബദലുകളാണ് അനിവാര്യവും പ്രായോഗികവും.