തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്ന് പത്തനംതിട്ട ജില്ലയിൽ ഓറഞ്ച് അലേർട്ട് (Orange Alert) പ്രഖ്യാപിച്ചു.
കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ ശക്തമായ മഴയും കാറ്റുമുണ്ട്. ഒല്ലൂരില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്കു മുകളില്‍ മരം വീണു, ആളപായമില്ല. തിരുവനന്തപുരം പോത്തൻകോട് മണലകത്ത് 9 തൊഴിലുറപ്പ് തൊഴിലാളികൾക്കും ഒരു വീട്ടമ്മയ്ക്കും മിന്നലേറ്റു.
കേരളാതീരത്ത് മണിക്കൂറിൽ 40 കിലോമീറ്റര്‍വരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്. കന്യാകുമാരി, ഗൾഫ് ഓഫ് മന്നാർ പ്രദേശങ്ങളിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെയും യെല്ലോ അലേർട്ടാണ്. 24 മണിക്കൂറിൽ 115.5 mm മുതൽ 204.4 mm വരെയുള്ള മഴയാണ് യെല്ലോ അലേർട്ട് കൊണ്ട് അർത്ഥമാക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം.
കേരള തീരത്ത് ഇന്ന് (ഏപ്രിൽ 08ന്) മത്സ്യബന്ധനത്തിൽ ഏർപ്പെടുവാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് മണിക്കൂറില്‍ 30-40 കിലോമീറ്ററും, ചിലപ്പോൾ 60 കിലോമീറ്ററും വരെ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
കേരള തീരത്ത് മത്സ്യ ബന്ധനത്തിൽ നിലവിൽ ഏർപ്പെട്ടിട്ടുള്ളവരെ ഈ വിവരം അറിയിക്കുവാനും കേരള തീരത്ത് നിന്നും അകന്ന് കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ നിൽക്കുന്നതാകും ഉചിതം എന്നത് അറിയിക്കുവാനും ആവശ്യമായ നടപടി സ്വീകരിക്കുക.
കേരള തീരത്ത് നിന്ന് ആരും ഈ മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ കടലിൽ പോകരുത്. കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.