തിരുവനന്തപുരം: പാറശാലയിൽ സ്വകാര്യ ഗോഡൗണിലേക്ക് കടത്താൻ ശ്രമിച്ച റേഷനരി പിടികൂടി. സംഭവത്തിൽ രണ്ട് പേർ പൊലീസ് പിടിയിൽ. രണ്ട് വാഹനങ്ങളിലായി മൂന്ന് ടൺ അരി കടത്താനായിരുന്നു ശ്രമം.
പുലർച്ചെ രണ്ട് മണിക്ക് ഇഞ്ചിവിളയിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് അനധികൃതമായി കൊണ്ടുപോയ റേഷനരി പിടികൂടിയത്. പിക്കപ്പ് വാനിലും സ്കോർപ്പിയോയിലുമായെത്തിയ സംഘത്തിലെ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടു.കൊല്ലങ്കോട് സ്വദേശി അജിൻ, ഉച്ചക്കട സ്വദേശി സൈമൺ എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഇഞ്ചിവിളയിലെ സ്വകാര്യ ഗോഡൗണിലേക്ക് കൊണ്ടുപോകുകയിരുന്നു അരിയെന്ന് പൊലീസ് അറിയിച്ചു. തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് കടത്തി കൊണ്ട് വന്ന അരിയാണ് പൊലീസ് പിടിച്ചെടുത്തത്. തമിഴ്നാട്ടിൽ സൗജന്യമായി നൽകുന്ന അരി കുറഞ്ഞ വിലയ്ക്ക് വാങ്ങി കേരളത്തിൽ വലിയ വിലയ്ക്ക് വിൽക്കുന്ന സംഘങ്ങൾ അതിർത്തിയിൽ സജീവമാണ്.