തിരുവനന്തപുരം: കേരളത്തിന്റെ കടൽത്തീരത്തിന്റെ മുഖഛായ മാറ്റുന്ന തീരദേശ ഹൈവേ പദ്ധതിയുടെ നിർമാണ നടപടികൾ അതിവേഗം പുരോഗമിക്കുന്നു. പദ്ധതിയുടെ ഡി.പി.ആർ. അവസാന ഘട്ടത്തിലാണ്. 623 കിലോമീറ്റർ ദൂരത്തിൽ 14 മീറ്റർ വീതിയിൽ 6.500 കോടി ചെലവിലാണു തീരദേശ ഹൈവേ വരുന്നത്. അന്തർദേശീയ നിലവാരത്തിൽ നിർമിക്കുന്ന പാതയോടു ചേർന്നു പ്രത്യേക സൈക്കിൾ പാതയും വിഭാവനം ചെയ്തിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർഗോഡ് ജില്ലകളിലൂടെയാണു തീരദേശ ഹൈവേ കടന്നുപോകുന്നത്. കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണു നിർമാണം പുരോഗമിക്കുന്നത്. പൊതുഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദ സഞ്ചാരം, ചരക്കുനീക്കം എന്നിവയ്ക്കും പദ്ധതിയിൽ പ്രാധാന്യം നൽകും.
രണ്ടാഴ്ചയിലൊരിക്കൽ നടക്കുന്ന പി.ഡബ്ല്യു.ഡി മിഷൻ ടീം യോഗത്തിൽ തീരദേശ ഹൈവേ ഉൾപ്പെടെ സംസ്ഥാനത്തെ പ്രധാന പദ്ധതികളുടെയെല്ലാം പുരോഗതി നേരിട്ട് വിലയിരുത്തുന്നുണ്ട്. പദ്ധതിക്കായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിൽ ഭൂമിയേറ്റെടുക്കൽ പുരോഗമിക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ വിവിധ സ്ഥലങ്ങളിൽ ഹൈവേ നിർമാണത്തിനു സാമ്പത്തികാനുമതി ലഭിച്ചു കഴിഞ്ഞു.
മലപ്പുറം പടിഞ്ഞാറേക്കര പാലം മുതൽ ഉണ്യാൽ ജങ്ഷൻ വരെയുള്ള 15 കിലോമീറ്റർ നിർമാണം പുരോഗതിയിലാണ്. നിലവിലുള്ള ദേശീയ പാതകളും സംസ്ഥാന പാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയതും പുതിയ നിർമാണങ്ങൾ നടത്തിയും മൂന്നു ഘട്ടങ്ങളിലായാകും പദ്ധതി പൂർത്തിയാക്കുക.