യുക്രൈനിലെ ബൂച്ചയിലെ സിവിലിയൻ കൂട്ടക്കൊലകളെ തുടർന്ന് റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്യാനുള്ള വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ട് നിന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം വിഷയത്തിൽ ഇത്തരമൊരു തീരുമാനം സ്വീകരിച്ചത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. കരട് പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ വോട്ടെടുപ്പിന് ഇട്ടപ്പോൾ. 93 രാജ്യങ്ങൾ അനുകൂലിച്ചും 24 പേർ എതിർത്തും വോട്ട് ചെയ്തതോടെ സസ്പെൻഷൻ നടപ്പാക്കുകയായിരുന്നു. 58 പേർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നിരുന്നു.
വിഷയത്തിൽ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കുവാൻ ഞങ്ങൾക്ക് ഞങ്ങളുതേയാ കാരണങ്ങൾ ഉണ്ടെന്ന് ഇന്ത്യ അറിയിച്ചു. “യുക്രൈനിയൻ സംഘർഷത്തിന്റെ തുടക്കം മുതൽ ഇന്ത്യ സമാധാനത്തിനും സംവാദത്തിനും നയതന്ത്രത്തിനും വേണ്ടി നിലകൊണ്ടു. നിരപരാധികളുടെ ജീവൻ പണയപ്പെടുത്തി രക്തം ചൊരിഞ്ഞുകൊണ്ട് ഒരു പരിഹാരവും കൈവരിക്കാൻ കഴിയില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇന്ത്യ ഏതെങ്കിലും വശം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അത് സമാധാനത്തിന്റെ വശമാണ്, അത് അക്രമത്തിന് ഉടനടി അന്ത്യം കുറിക്കാനാണ്,” ഐക്യരാഷ്ട്രസഭയിലെ ഇന്ത്യൻ പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു.
“വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഞങ്ങൾ ഉത്കണ്ഠ തുടരുകയും എല്ലാ ശത്രുതകളും അവസാനിപ്പിക്കാനുള്ള ഞങ്ങളുടെ ആഹ്വാനം ആവർത്തിക്കുകയും ചെയ്യുന്നു. നിരപരാധികളായ മനുഷ്യജീവനുകൾ അപകടത്തിലാകുമ്പോൾ, നയതന്ത്രമാണ് ഏക പ്രായോഗികമായ ഓപ്ഷൻ,” തിരുമൂർത്തി കൂട്ടിച്ചേർത്തു. യുക്രൈനിലെ യുദ്ധത്തിൽ ഇന്ത്യ ഇതുവരെ നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത്. “ഇന്ത്യയുടെ ആവശ്യങ്ങൾ റഷ്യയുമായും യുക്രൈനുമായും ബന്ധപ്പെട്ടിരിക്കുന്നുവെന്നും. എന്നാൽ രാജ്യം സമാധാനത്തിന്റെ പക്ഷത്താണെന്നും ചർച്ചയിലൂടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.” എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ പറഞ്ഞിരുന്നു.
വിഷയത്തിൽ ജനുവരി മുതൽ വിവിധ അന്താരാഷ്ട്ര സംഘടനകളുടെ വോട്ടെടുപ്പിലും കരട് പ്രമേയങ്ങളിലും ഇന്ത്യ എട്ട് തവണ വിട്ടുനിന്നു. എന്നാൽ ഈ ആഴ്ച ആദ്യം യുഎൻ സുരക്ഷാ കൗൺസിലിൽ ബുച്ചയിൽ നടന്ന സിവിലിയൻ കൊലപാതകങ്ങളെ അപലപിക്കുകയും. സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ട് ഇന്ത്യ മുന്നോട്ട് വന്നിരുന്നു. “ബുച്ചയിലെ സിവിലിയൻ കൊലപാതകങ്ങളെക്കുറിച്ചുള്ള സമീപകാല റിപ്പോർട്ടുകൾ അഗാധമായ അസ്വസ്ഥത ഉളവാക്കുന്നു. ഈ കൊലപാതകങ്ങളെ ഞങ്ങൾ അസന്നിഗ്ദ്ധമായി അപലപിക്കുകയും സ്വതന്ത്ര അന്വേഷണത്തിനുള്ള ആഹ്വാനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു” എന്നാണ് ഇന്ത്യ അന്ന് പറഞ്ഞത്.