മുംബൈ: ഐപിഎൽ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പം ഏഴ് വര്‍ഷങ്ങള്‍ ചെലവഴിച്ച ശേഷമാണ് യൂസ്വേന്ദ്ര ചാഹല്‍ രാജസ്ഥാന് റോയല്‍സിലെത്തുന്നത്. മൂന്ന് മത്സരത്തിലും ശ്രദ്ധേയമായ പ്രകടനങ്ങള്‍ പുറത്തെടുക്കാന്‍ ചാഹലിനായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സിനെതിരെ ഹാട്രിക്കിന്റെ വക്കിലെത്തിയെങ്കിലും സ്ലിപ്പില്‍ കരുണ്‍ നായര്‍ ക്യാച്ച് കൈവിട്ടു. കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തുകയും ഒരു റണ്ണൗട്ടില്‍ പങ്കാളിയാവുകയും ചെയ്തു.
ഐപിഎല്‍ കരിയറിന്റെ തുടക്കത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു ചാഹല്‍. മുംബൈക്ക് വേണ്ടി കളിച്ചപ്പോഴുണ്ടായിരുന്ന അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ചാഹല്‍. രാജസ്ഥാന് റോയല്‍സ് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പുറത്തുവിട്ട വീഡിയോയിലാണ് ചാഹല്‍ സംസാരിക്കുന്നത്.
”ഞാന്‍ പറയാന്‍ പോകുന്ന കാര്യം കുറച്ച് പേര്‍ക്കൊക്കെ അറിയാമെന്ന് തോന്നുന്നു. എന്നാല്‍ ഞാനത് ആരോടും സംസാരിച്ചിട്ടില്ല. 2013ലാണ് സംഭവം. അന്ന് ഞാന്‍ മുംബൈ ഇന്ത്യന്‍സിനാണ് കളിക്കുന്നത്. ഞങ്ങള്‍ക്ക് അന്ന് ബംഗളൂരുവില്‍ മത്സരമുണ്ടായിരുന്നു. മാച്ചിന് ശേഷം ഒരു ഒത്തുകൂടലും നടത്താറുണ്ട്. അന്നത്തെ ദിവസം ഒരു മുംബൈ താരം ഒരുപാട് മദ്യപിച്ചിരുന്നു. അയാളുടെ പേര് ഞാന്‍ പറയുന്നത് ശരിയല്ല. അയാള്‍ കുറെ നേരമായി എന്നെ നോക്കികൊണ്ടിരിക്കുകയാണ്. വൈകാതെ എന്നെ അടുത്തേക്ക് വിളിച്ചു. ബാല്‍ക്കണിയില്‍ നിന്ന് എന്നെ എടുത്തുയര്‍ത്തിയ അയാള്‍ പുറത്തേക്കിടുന്നത് പോലെ കാണിച്ചു.”
”പേടിയോടെ ഞാനയാളുടെ കഴുത്തിന് ചുറ്റും മുറുകെ പിടിച്ചു. എന്റെ പിടുത്തം നഷ്ടമായാല്‍ ഞാന്‍ അടുത്ത നിലയില്‍ വന്നു പതിക്കും. അപ്പോഴേക്കും കുറച്ചപ്പുറത്തുണ്ടായിരുന്ന സഹതാരങ്ങള്‍ ഓടിയടുത്തു. കാര്യങ്ങള്‍ നിയന്ത്രണത്തിലാക്കി. എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നിയിരുന്നു. അവരെനിക്ക് വെള്ളം തന്നു. ഞാന്‍ തലനാരിഴയ്ക്ക് വലിയ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടുവെന്ന് എനിക്ക് തോന്നിയ സംഭവമായിരുന്നുവത്. അവിടെ ഒരു ചെറിയ പിഴവ് സംഭവിച്ചിരുന്നെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകുമായിരുന്നു.” ചാഹല്‍ വ്യക്തമാക്കി.