മനാമ: ലഹരിവസ്തു വിൽപനനടത്തിയ കേസിൽ ഇന്ത്യക്കാരനായ പ്രതിക്ക് ഹൈ ക്രിമിനൽ കോടതി മൂന്നുവർഷം തടവ് വിധിച്ചു. ശിക്ഷ അനുഭവിച്ച ശേഷം 37കാരനായ പ്രതിയെ നാട്ടിലേക്ക് അയക്കാനും വിധിയുണ്ട്. മറ്റൊരാളുടെ സഹായിയായി 200 ദീനാർ മാസവേതനത്തിന് ലഹരി വസ്തു ഇടപാട് നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. പാകിസ്താനികളായ സംഘമാണ് ഇതിന് പിന്നിലെന്ന് തെളിഞ്ഞിട്ടുണ്ട്. വാട്സ്ആപ് വഴിയാണ് അവർ ഇടപാടുകൾ നടത്തിക്കൊണ്ടിരുന്നത്. ആവശ്യക്കാരെ വാട്സ്ആപ് വഴി കിട്ടിയാൽ അവർക്ക് ലഹരി വസ്തു എത്തിച്ചു കൊടുക്കുകയാണ് പ്രതി ചെയ്തിരുന്നത്. ഇടപാടുകാരനെന്ന വ്യാജേനയാണ് നാർകോട്ടിക് പൊലീസ് പ്രതിയെ സമീപിക്കുകയും വലയിലാക്കുകയും ചെയ്തത്.