കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ ലഭിച്ച ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിൽ കാവ്യ മാധവനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ. ചോദ്യംചെയ്യലിന് സൗകര്യം തേടിയപ്പോൾ ചെന്നൈയിൽ ആണെന്ന് കാവ്യ മറുപടി നൽകിയിരുന്നു. അടുത്ത ആഴ്ച നാട്ടിൽ തിരികെയെത്തുമെന്ന് അറിയിച്ചതായും പ്രോസിക്യൂഷൻ പറഞ്ഞു.
സൂരജിന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ ചില പുതിയ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഡിജിറ്റല്‍ തെളിവുകളില്‍ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമാണ്. അതിനാല്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്ന് മാസം കൂടി സമയം അനുവദിക്കണമെന്നും പ്രോസിക്യൂഷന് കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സംബന്ധിച്ച ചില വിവരങ്ങളും സൂരജിന്റെ ഫോണില്‍ നിന്ന് ലഭിച്ചതായി പ്രോസിക്യൂഷന് പറയുന്നു. അതിനാല്‍ സൂരജ്, അനൂപ് എന്നിവരെയും തെളിവ് നശിപ്പിച്ച നാല് അഭിഭാഷകരെയും ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
ദിലീപിന്റെ അഭിഭാഷകരായ ബി രാമൻപിള്ള. ഫിലിപ്പ് ടി വർഗീസ്. സുജേഷ് മേനോൻ എന്നിവർക്ക് ബാർ കൗൺസിൽ നോട്ടീസ് അയച്ചു. നടിയുടെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു. കോടതിയെ സഹായിക്കണ്ട അഭിഭാഷകനിൽ നിന്ന് നീതി തടയുന്ന പ്രവർത്തിയാണുണ്ടായത്. ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടപടി വേണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
പ്രതികളുമായി ചേർന്ന് 20 ലേറെ സാക്ഷികളെ അഭിഭാഷകൻ കൂറുമാറ്റിയെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയ അഭിഭാഷകനെതിരെ നടപടി വേണെന്നും ആവശ്യപ്പെട്ടാണ് നടി ബാർ കൗൺസിലിന് പരാതി നൽകിയത്. നടി ആദ്യം നൽകിയ പരാതിയിൽ സാങ്കേതിക പിഴവുണ്ടായിരുന്നു. കേസിലെ സാക്ഷിയായ ജിൻസനെ സ്വാധീനിക്കാൻ ക്രിമിനൽ കേസിലെ പ്രതിയുടെ സഹായത്തോടെ ബി രാമൻ പിള്ള 25 ലക്ഷം രൂപയും 5 സെന്റ് ഭൂമി വാഗ്ദാനം ചെയ്തു. ഇതിൽ പൊലീസ് കേസ് എടുത്ത് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി രാമൻപിള്ളയ്ക്ക് നോട്ടീസ് നൽകിയിട്ടും ഹാജരായില്ലെന്നും പരാതിയില്‍ പറയുന്നു.