ഡല്‍ഹി: പാര്‍ട്ടി അച്ചടക്കം എല്ലാവര്ക്കും ബാധകമാണെന്നും സിപിഎം സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിനെതിരെ നടപടിയെടുക്കാന്‍ കെപിസിസി കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് ശുപാര്‍ശ നല്‍കുമെന്നും കെ സുധാകരന് വ്യക്തമാക്കി.
തോമസ് എഐസിസി അംഗമാണെന്നും ഹൈക്കമാന്‍ഡുമായി ചർച്ച നടത്തിയ ശേഷം തീരുമാനം അറിയിക്കാമെന്നും സുധാകരൻ പറഞ്ഞു. താൻ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല. സ്വാഭാവിക പ്രതികരണമാണ് നടത്തിയതെന്നും സുധാകരൻ വ്യക്തമാക്കി.
കെ വി തോമസിനെപ്പോലെ ഒരു നേതാവ് ഒരിക്കലും പോകരുതെന്നാണ് ആഗ്രഹിക്കുന്നത്. അദ്ദേഹം തിരുത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്.
അദ്ദേഹത്തെപ്പോലെ ഒരാള്‍ പാര്‍ട്ടിയില്‍ നിന്നും പോകുന്നത് നഷ്ടമാണ്. അത് ഉള്‍ക്കൊള്ളുന്നു. ആ ബഹുമാനം നിലനിര്‍ത്തുന്നു. പക്ഷെ ആരായാലും പാര്‍ട്ടിക്ക് വിധേയനാകണ്ടേയെന്ന് സുധാകരന് ചോദിച്ചു. പാര്‍ട്ടിയിലുള്ളവര്‍ ആക്ഷേപിക്കുന്നു എന്ന കെ വി തോമസിന്റെ പ്രസ്താവനയ്ക്ക് മറുപടിയായി, ഇത്തരം അധിക്ഷേപം നടത്തിയവര്‍ക്കെതിരെ കടുത്തനടപടിയെടുക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുനല്‍കിയതാണെന്നും കെ സുധാകരൻ വ്യക്തമാക്കി.
അച്ചടക്ക നടപടിയിൽ കെപിസിസി തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രതികരിച്ചു. അതേസമയം രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ഈ സമയത്ത് രാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച് ഒന്നിച്ചു പ്രവർത്തിക്കണമെന്നും സിപിഎം തന്നെ ക്ഷണിച്ചത് അവരുടെ പാർട്ടിയിൽ ചേരാനല്ലെന്നും എം.കെ.സ്റ്റാലിനൊപ്പം സെമിനാറിൽ പങ്കെടുക്കാൻ ആണെന്നും കെവി തോമസ് പറഞ്ഞു.