ബലക്ഷയത്തെ തുടര്‍ന്ന് പാലാരിവട്ടം പാലം പൊളിച്ച സംഭവം, തൃശൂരിലെ ചെമ്പൂച്ചിറയില്‍ 3.75 കോടി രൂപ മുടക്കി പണിത സ്‌കൂള്‍ കെട്ടിടം പൊളിച്ച സംഭവവും വളരെ വിവാദമായിരുന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധി പ്രചാരണങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് സജീവമായിരുന്നു. അത്തരത്തിലൊന്നാണ് 2016ല്‍ തകര്‍ന്ന കൊല്‍ക്കത്തയിലെ പാലം. ഈ വാർത്തയെ കുറിച്ചും നിരവധി വ്യാജ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ‘2009 ല്‍ സിപിഎം സ്വന്തം പാര്‍ട്ടി മുതലാളിയെ പാലം പണിയാന്‍ നല്‍കി ബംഗാളില്‍ ഹൈവേ വികസനം കൊണ്ടുവന്നതാ ഈ കാണുന്ന പാലം, 7 വര്‍ഷം ആയപ്പോള്‍ പാതാളത്തില്‍ പതിച്ചു. 119 മരണം, അനേകം വാഹന നഷ്ടം! ഇതാണ് ഇവിടെയും ശരിയാക്കാന്‍ പോകുന്നത്. വേണമോ ഈ കമ്മ്യൂണിസം?’ എന്നുള്ള കുറിപ്പോടു കൂടിയാണ് പാലത്തിനെ കുറിച്ച് വ്യാജ പ്രചാരണം നടക്കുന്നത്. എന്നാല്‍, പ്രചരിക്കുന്ന വാദം തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതാണ്.
2016ല്‍ കൊല്‍ക്കത്തിയില്‍ പാലം തകര്‍ന്നുവീണ സംഭവം ശരിയാണെങ്കിലും ചിത്രത്തോടൊപ്പമുള്ള കുറിപ്പിൽ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രചരിക്കുന്ന ചിത്രം ഗൂഗിളിൽ തിരഞ്ഞപ്പോള്‍ സമാനമായ ചിത്രങ്ങള്‍ ഉള്‍പ്പെട്ട നിരവധി മാധ്യമ വാർത്തകൾ ലഭിച്ചു. ഇതില്‍ നിന്ന് 2016ല്‍ കൊല്‍ക്കത്തയില്‍ തകര്‍ന്ന പാലത്തിന്റെ ചിത്രം തന്നെയാണിതെങ്കിലും ഇതോടൊപ്പം കുറിച്ചിട്ടുള്ള മരണ സംഖ്യയും മറ്റു വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും മനസിലായി. ഇതേ ചിത്രം ഉപയോഗിച്ച് ‘ദി ഹിന്ദു’ 2016 മാര്‍ച്ച് 31ന് നല്‍കിയ റിപ്പോര്‍ട്ട് ലഭ്യമായി. ഇതുപ്രകാരം അതേദിവസം ഉച്ചയ്ക്കാണ് നോര്‍ത്ത് കൊല്‍ക്കത്തയിലെ തിരക്കേറിയ മാര്‍ക്കറ്റ് ജംഗ്ഷനായ ബുറാബസാറില്‍ നിര്‍മാണത്തിലിരുന്ന ഫ്‌ളൈ ഓവര്‍ തകര്‍ന്നു വീഴുന്നത്. 330 അടി മുകളിലൂടെ പണിതുകൊണ്ടിരുന്ന ഫ്‌ളൈ ഓവറാണ് തകര്‍ന്നത്. കാല്‍നടയാത്രക്കാരും വാഹനങ്ങളും ഇതിനടിയില്‍പ്പെട്ടു. വാര്‍ത്ത പുറത്തുവന്ന സമയത്ത് 21 മരണം നടന്നതായും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ദൃക്‌സാക്ഷികളുടെ വിവരണം ഉള്‍പ്പെടെ നല്‍കിയ വാര്‍ത്തയാണിത്. മറ്റു മാധ്യമങ്ങളിലും സമാനമായ രീതിയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതെന്ന് മനസിലാക്കാനായി. എന്നാല്‍ യഥാര്‍ഥ മരണ സംഖ്യ അറിയുന്നതിനായി തിരഞ്ഞപ്പോള്‍ സംഭവം നടന്നതിന് ഒരു വര്‍ഷത്തിനു ശേഷം ‘ദി വയര്‍’ നല്‍കിയ ഒരു റിപ്പോര്‍ട്ട് ലഭിച്ചു. ഈ വാര്‍ത്തയില്‍ പറയുന്നത് 26 പേര്‍ക്കാണ് കൊല്‍ക്കത്ത ഫ്‌ളൈ ഓവര്‍ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നാണ്. നിരവധിപ്പേര്‍ക്ക് ഗുരുതരമായ പരിക്കും പറ്റിയിരുന്നു. ഇതില്‍ നിന്ന് മനസിലാക്കാനായത് പോസ്റ്റില്‍ പറയുന്നതുപോലെ 190 പേര്‍ക്ക് ഈ അപകടത്തില്‍ ജീവന്‍ നഷ്ടമായി എന്നത് തെറ്റായ വിവരമെന്നാണ്. പിന്നീട് പരിശോധിച്ചത് പോസ്റ്റില്‍ പറയുന്നതു പോലെ സിപിഎം ഉടമസ്ഥതയിലുള്ള കമ്പനിയാണോ പാലം നിര്‍മാണം നടത്തിയിരുന്നതെന്നാണ്. ഹൈദ്രബാദ് ആസ്ഥാനമായ IVRCL എന്ന നിര്‍മാണ കമ്പനിക്കായിരുന്നു പദ്ധതിയുടെ കരാര്‍ എന്ന് മനസിലാക്കാനായി. അപകടത്തിനുശേഷം കമ്പനി അവരുടെ വെബ്‌സൈറ്റില്‍ ഇതേപ്പറ്റി വിശദീകരണം നല്‍കിയിരുന്നു.
2009ലാണ് ഫ്‌ളൈ ഓവര്‍ നിർമാണം ആരംഭിക്കുന്നത്. അന്ന് ബംഗാള്‍ ഭരിച്ചിരുന്നത് സിപിഎം ആയിരുന്നു. എന്നാല്‍ പിന്നീട് കുറച്ചു നാള്‍ മുടങ്ങി കിടന്ന നിര്‍മാണം പുനരാരംഭിച്ചത് മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ‘സ്‌ക്രോള്‍’ നല്‍കിയ റിപ്പോര്‍ട്ടില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ വിവരിക്കുന്നുണ്ട്. ഇതില്‍ പറയുന്നത് ബംഗാളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് 1995ല്‍ തുടക്കിമിട്ട ‘സിന്‍ഡിക്കേറ്റ് രാജ്’ എന്ന കോ ഓപറേറ്റീവ് സംഘടനയ്ക്ക് പദ്ധതിയില്‍ പങ്കുണ്ടെന്നാണ്. രാഷ്ട്രീയ ഭേദമന്യേ എല്ലാവര്‍ക്കും ബംഗാളിന്റെ ‘സിന്‍ഡിക്കേറ്റ് ‘ പ്രസ്ഥാനത്തില്‍ പങ്കുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, തകര്‍ന്നുവീണ പാലം നിര്‍മിച്ച ഐവിആര്‍സിഎല്‍ എന്ന കമ്പനി സിപിഎം ഉടമസ്ഥതയിലുള്ളതാണെന്ന വാദത്തിന് തെളിവൊന്നും കണ്ടെത്താന്‍ ആയില്ല. ലഭ്യമായ വിവരങ്ങളില്‍ നിന്ന് പ്രചരിക്കുന്ന ചിത്രം കൊല്‍ക്കത്തയില്‍ തകര്‍ന്നുവീണ പാലത്തിന്റേതാണെങ്കിലും പോസ്റ്റിനൊപ്പമുള്ള മരണസംഖ്യവും മറ്റു വിവരങ്ങളും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതോടെ വ്യക്തമാണ്.