തിരുവനന്തപുരം: കെഎസ്ഇബിയിലെ ഇടത് സംഘടനയായ ഓഫീസേഴ്സ് അസോസിയേഷന്റെ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെ ചെയർമാൻ സസ്പെൻഡ് ചെയ്ത നടപടി ശരിവെച്ച് വെദ്യുതി വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടി. ആരായാലും നിയമവും ചട്ടവും പാലിച്ചേ മുന്നോട്ട് പോകാനാകൂ എന്നും ചെയർമാന് കടുംപിടിത്തമുണ്ടെന്ന് തോന്നുന്നില്ലെന്നുമായിരുന്നു വിഷയത്തിൽ മന്ത്രിയുടെ പ്രതികരണം. സർക്കാരിന്റെ ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വിഷയത്തിൽ അന്വേഷണത്തിന് ശേഷം ഇടപെടുമെന്നറിയിച്ച മന്ത്രി ഈ മാസം 12 ന് തിരുവനന്തപുരത്ത് എത്തിയ ശേഷം ഇക്കാര്യത്തിൽ ചർച്ച നടത്തുമെന്നും വ്യക്തമാക്കി. ഓഫീസിലേക്ക് അതിക്രമിച്ചു കയറിയതിൽ ചെയർമാന് മാത്രമല്ല ബോർഡ് അംഗങ്ങൾക്കും പരാതിയുണ്ട്. ആരായാലും നിയമം പാലിച്ചേ പോകാൻ കഴിയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിഷേധ സമരത്തിന് കെഎസ് ഇബിയിലെ ജീവനക്കാർക്ക് ഡയസ്നോൻ ബാധകമാക്കിയ നടപടിയിൽ പുനഃ പരിശോധന നടത്താൻ ചെയർമാന് നിർദേശം നൽകിയതായും മന്ത്രി കൃഷ്ണൻകുട്ടി വ്യക്തമാക്കി.
‘ചട്ടംലംഘിച്ച് സമരത്തിനാഹ്വാനം ചെയ്തു’ ഇടത് സംഘടനാ നേതാവിനെ സസ്പെന്റ് ചെയ്ത് കെഎസ്ഇബി ചെയർമാൻ
തിരുവനന്തപുരം:കെഎസ്ഇബിയിലെ ഇടത് സംഘടനാ നേതാവിന് സസ്പെൻഷൻ. കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം ജി സുരേഷ് കുമാറിനെയാണ് ബോർഡ് ചെയർമാൻ സസ്പെൻഡ് ചെയ്തത്. സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി സമരത്തിന് ആഹ്വാനം ചെയ്തുവെന്നും കെഎസ് ഇബി ചെയർമാൻ സ്ത്രീത്വത്തെ അവഹേളിച്ചുവെന്ന അടിസ്ഥാനരഹിതമായ ആക്ഷേപം ഉന്നയിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് സസ്പെൻഷൻ. നേരത്തെ എംഎം മണിയുടേയും എകെ ബാലന്റെയും സ്റ്റാഫ് അംഗമായിരുന്നു സുരേഷ് കുമാർ.
നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും സമരം ചെയ്തതിന് ബോർഡ് ചെയർമാൻ പ്രതികാരം ചെയ്യുകയാണെന്ന് സുരേഷ് കുമാർ പ്രതികരിച്ചു. കെഎസ് ഇബി ചെയർമാന്റെ നടപടി തന്നിഷ്ടപ്രകാരമുള്ളതാണ്. സസ്പെൻഷൻ നടപടിയിലൂടെ ചെയർമാൻ ഇടത് സംഘടനയോടുള്ള പ്രതികാരം ചെയ്യാൻ ശ്രമിക്കുന്നുവെന്നും സുരേഷ് കുമാർ കുറ്റപ്പെടുത്തി. തുടർ നടപടി സംഘടനയോട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സസ്പെൻഷൻ നടപടിക്കെതിരെ കെഎസ്ഇബി ആസ്ഥാനത്ത് ജീവനക്കാർ പ്രതിഷേധിക്കുകയാണ്.
കെഎസ്ഇബി ചെയർമാനും വൈദ്യുതി ബോർഡിലെ സിപിഎം അനുകൂല ഓഫീസേഴ്സ് സംഘടനയും വീണ്ടും നേർക്കുനേർ പോരിനിറങ്ങുകയാണ്. ഡയസ്നോൺ ഉത്തരവ് തള്ളി വൈദ്യുതി ബോർഡ് ആസ്ഥാനത്ത് ഇന്നലെ സിപിഎം അനുകൂല ഓഫീസേഴ്സ് സംഘടന അർദ്ധദിന സത്യഗ്രഹം നടത്തിയിരുന്നു. സംഘടനയുടെ സംസ്ഥാന ഭാരവാഹിയും എക്സിക്യൂട്ടീവ് എഞ്ചിനീയറുമായ ജാസ്മിൻബാനുവിൻറെ സസ്പെൻഷനാണ് പുതിയ പോരിന് വഴിവച്ചിരിക്കുന്നത്. അനുമതിയില്ലാതെ അവധിയെടുത്തുവെന്നും ചുമതല കൈമാറുന്നതിൽ വീഴ്ച വരുത്തിയെന്നും ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയതിൻറെ പേരിലായിരുന്നു സസ്പെൻഷൻ.