കുവൈത്ത് സിറ്റി: കുവൈത്തിൽ 12 സോഷ്യൽ മീഡിയ ഉപയോക്താക്കളെ കസ്റ്റഡിയിലെടുത്തതായി പ്രാദേശിക മാധ്യമമായ അൽ – അൻബ ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനൽ സെക്യൂരിറ്റി വിഭാഗമാണ് ഇവരെ പിടികൂടിയത്. കസ്റ്റഡിയിലായവരിൽ ഭൂരിപക്ഷം പേരും സ്വദേശികളാണെന്നും റിപ്പോർട്ട് പറയുന്നു.
വ്യാജ പേരുകളിലെ ട്വീറ്റുകളിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക, പൊതുപ്രവർത്തകരെ അപമാനിക്കുക തുടങ്ങിയവയുടെ പേരിലാണ് നടപടി. ഇവരിൽ ചിലരുടെ പേരിൽ അറസ്റ്റ് വാറണ്ടുകളുമുണ്ടായിരുന്നു. ചോദ്യം ചെയ്ത ശേഷം ചിലരെ വിട്ടയച്ചതായും മറ്റ് ചിലർ ഇപ്പോഴും പൊലീസ് കസ്റ്റഡിയിലാണെന്നും റിപ്പോർട്ടുകൾ പറയുന്നു. റഖ, ഫിന്റാസ്, സബാഹ് അൽ സലീം, സാൽമിയ, മുബാറക് അൽ കബീർ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.