ഐപിഎലിൽ മുംബൈ ഇന്ത്യൻസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനു ജയം. 5 വിക്കറ്റിനാണ് കൊൽക്കത്ത മുംബൈയെ കീഴടക്കിയത്. മുംബൈ മുന്നോട്ടുവച്ച 162 റൺസ് വിജലയക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത 5 വിക്കറ്റ് നഷ്ടപ്പെടുത്തി 16 ഓവറിൽ അത് മറികടന്നു.
56 റൺസെടുത്ത് പുറത്താവാതെ നിന്ന പാറ്റ് കമ്മിൻസ് കൊൽക്കത്തയുടെ ടോപ്പ് സ്കോററായി. വെറും 14 പന്തിലാണ് കമ്മിന്‍സ് 50 തികച്ചത്. വെങ്കടേഷ് അയ്യർ 50 റൺസെടുത്ത് പുറത്താവാതെ നിന്നു. മുംബൈയുടെ തുടർച്ചയായ മൂന്നാം പരാജയമാണിത്.
മോശം തുടക്കമാണ് കൊൽക്കത്തയ്ക്കും ലഭിച്ചത്. അജിങ്ക്യ രഹാനെ (7) വേഗം മടങ്ങി. രഹാനെയെ തൈമൽ മിൽസ് ഡാനിയൽ സാംസിൻ്റെ കൈകളിലെത്തിച്ചു. ശ്രേയാസ് അയ്യർ (10) ഡാനിയൽ സാംസിൻ്റെ പന്തിൽ തിലക് വർമ പിടിച്ച് പുറത്തായി. നന്നായി തുടങ്ങിയ സാം ബില്ലിങ്സും (17), നിതീഷ് റാണയും (8) മുരുഗൻ അശ്വിനു മുന്നിൽ വീണു. സലിലെ (11) തൈമൽ മിൽസ് ഡെവാൾഡ് ബ്രെവിസിൻ്റെ കൈകളിലെത്തിച്ചു. ഒരുവശത്ത് തുടരെ വിക്കറ്റുകൾ നഷ്ടമാവുമ്പോഴും പിടിച്ചുനിന്ന വെങ്കടേഷ് ഭാഗ്യത്തിൻ്റെ അകമ്പടിയോടെ 41 പന്തുകളിൽ ഫിഫ്റ്റി തികച്ചു.
ഏഴാം നമ്പറിൽ ക്രീസിലെത്തിയ പാറ്റ് കമ്മിൻസിൻ്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് കൊൽക്കത്തയെ അനായാസ ജയത്തിലേക്ക് നയിച്ചത്.
ആദ്യം ബാറ്റ് ചെയ്ത മുംബൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. സ്കോര്‍കാര്‍ഡില്‍ രണ്ടക്കം കടക്കുന്നതിന് മുമ്പ് തന്നെ നായകന് രോഹിതിന്റെ വിക്കറ്റ് മുംബൈക്ക് നഷ്ടമായി. 12 പന്തില്‍ നിന്ന് വെറും മൂന്ന് റണ്‍സുമായാണ് ക്യാപ്റ്റന്‍ രോഹിത് മടങ്ങിയത്. പിന്നീടെത്തിയ ഡെവാൾഡ് ബ്രെവിസ് മുബൈയെ മികച്ച സ്കോറിലേക്ക് നയിക്കുമെന്ന് തോന്നിയെങ്കിലും 19 പന്തില്‍ 29 റണ്‍സെടുത്ത താരം വരുണ്‍ ചക്രവര്‍ത്തിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.
ഇഷാന് കിഷന്റെ വിക്കറ്റും ഉടനെ തന്നെ മുംബൈക്ക് നഷ്ടമായി. 21 പന്തില്‍ 14 റണ്‍സോടെയാണ് കിഷന് വിക്കറ്റായത്. സൂര്യകുമാര്‍ യാദവും തിലക് വര്‍മയും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് മുംബൈക്ക് ജീവശ്വാസം നല്‍കിയത്. നാലാം വിക്കറ്റില്‍ 83 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 19 ആം ഓവറിന്റെ ആദ്യ പന്തില്‍ അര്‍ധസെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവ് വിക്കറ്റായി. 36 പന്തില്‍ 52 റണ്‍സ് നേടിയ ശേഷമാണ് ‘സ്കൈ’ പുറത്തായത്.
സൂര്യകുമാര്‍ യാദവ് പുറത്താകുമ്പോള്‍ 19 .1 ഓവറില്‍ 138 റണ്‍സായിരുന്നു മുംബൈയുടെ സ്കോര്‍. അടുത്തതായി ക്രീസിലെത്തിയ പൊള്ളാര്‍ഡ് അവസാന അഞ്ച് പന്തില്‍ നടത്തിയ സംഹാര താണ്ഡവമാണ് ടീം സ്കോര്‍ 161 ലെത്തിച്ചത്. മൂന്ന് സിക്സറുള്‍പ്പടെ അവസാന അഞ്ച് പന്തില്‍ പൊള്ളര്‍ഡ് 23 റണ്‍സാണ് മുംബൈ സ്കോര്‍ കാര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.