തൃശൂർ: യുഡിഎഫ് കൗൺസിലർ മാരുടെ നേരെ വാഹനമിടിച്ച് കയറ്റാൻ ശ്രമിച്ചതിന് തൃശൂർ മേയർ എം കെ വർഗീസിനെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഐപിസി 308 , 324 എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ്.
കോൺഗ്രസ് കൗൺസിലർമാരുടെ പരാതിയിലാണ് നടപടി. മേയറുടെ ഡ്രൈവർ ലോറന്‍സിനെതിരെയും ടൗൺ ഈസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്. മേയറുടെ ഡ്രൈവറെ പുറത്താക്കുന്നത് വരെ സമരം തുടരുമെന്ന് യുഡിഎഫ് കൗൺസിലർമാർ അറിയിച്ചു.
കുടിവെള്ളത്തിന് പകരം ചെളിവെള്ളം വിതരണം ചെയ്തെന്നാരോപിച്ചായിരുന്നു തൃശ്ശൂർ കോർപ്പറേഷൻ മേയർക്കെതിരെ പ്രതിപക്ഷ പ്രതിഷേധം. കൌൺസിൽ യോഗത്തിനിടെ പ്രതിപക്ഷ കൌൺസിലർമാർ കാറിൽ ചെളിവെള്ളം ഒഴിച്ചിരുന്നു. ഇതിനിടെ ആയിരുന്നു പ്രതിഷേധിച്ചവരെ മേയർ കാറിടിച്ച് കൊല്ലാൻ നോക്കിയതായി കൗൺസിലർമാർ ആരോപണം ഉന്നയിച്ചത്.