മലപ്പുറം: മലപ്പുറത്ത് ശക്തമായ മഴയും കാറ്റും മൂലം ഫെഡറേഷന് കപ്പ് സീനിയര്‍ അത്ലറ്റിക്സ് മത്സരങ്ങള്‍ നിര്‍ത്തിവച്ചു. കാലിക്കട്ട് സര്‍വകലാശാലയുടെ മൈതാനത്ത് നടന്ന മത്സരങ്ങളാണ് നിര്‍ത്തിവച്ചത്. മൈതാനത്ത് നിര്‍മിച്ചിരുന്ന പന്തല്‍ കാറ്റില്‍ തകര്‍ന്നു.
കൊച്ചിയിലും മൂവാറ്റുപുഴയിലും കനത്തമഴയും കാറ്റുമാണ്. കോഴിക്കോടിന്റെ മലയോര മേഖലയില്‍ കനത്തമഴ നാശം വിതച്ചു. കൂരാച്ചുണ്ടില്‍ വ്യാപക കൃഷിനാശമുണ്ടായി. വീടിനുമുകളിലേക്ക് മരം കടപുഴകി വീണു.
അടുത്ത മൂന്ന് മണിക്കൂറില്‍ കാസര്‍ഗോഡ് ഒഴികെ എല്ലാ ജില്ലയിലും ഇടിയോട് കൂടിയ മഴയ്ക്കും ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. എറണാകുളത്തും പത്തനംതിട്ടയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കൊല്ലത്തും ശക്തമായ മഴയാണ് പെയ്തത്. തെന്മല, ആര്യങ്കാവ്, കുളത്തുപ്പുഴ എന്നിവിടങ്ങളിലൊക്കെ ശക്തമായ മഴ പെയ്തു. വലിയരീതിയില്‍ നാശനഷ്ടങ്ങളാണ് മലയോര മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. ബുധനാഴ്ച പുലര്‍ച്ചെ പത്തനാപുരം കൊട്ടാരക്കര മേഖലകളില്‍ നേരിയ തോതില്‍ ഭൂചനവും റിപ്പോര്‍ട്ട് ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് റിപ്പോര്‍ട്ട് ചെയ്തത്.
എറണാകുളം ജില്ലയിലെ മലയോര മേഖലയായ കോതമംഗലം കുട്ടംപുഴയില്‍ ആറ് വീടുകളുടെ മേല്‍ക്കൂര അതിശക്തമായ കാറ്റില്‍ പറന്നുപോയി. മേഖലയില്‍ ശക്തമായ കാറ്റ് തുടരുകയാണ്. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലും മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടു. കഴഞ്ഞദിവസമുണ്ടായ മഴയില്‍ 14 കോടിയുടെ നാശനഷ്ടമാണ് കൃഷിയില്‍ മാത്രം ജില്ലയിലുണ്ടായത്. 200 ഹെക്ടര്‍ കൃഷിയാണ് നശിച്ചത്. എറണാകുളം നഗരത്തിലും വെള്ളക്കെട്ടുണ്ടായി.