തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. സംസ്ഥാനത്തെ അടുത്ത മൂന്ന് മണിക്കൂറിൽ 13 ജില്ലകളിൽ ഒറ്റപ്പെട്ട ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കൂടുതൽ മഴ കിട്ടും. രണ്ട് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പത്തനംതിട്ടയിലും എറണാകുളത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ കോ മോരിൻ പ്രദേശങ്ങളിൽ നിന്നുള്ള ഈർപ്പം കൂടിയ കാറ്റാണ് നിലവിലെ ശക്തമായ മഴയ്ക്ക് കാരണം. അടുത്ത ദിവസങ്ങളിലും ഉച്ചയ്ക്ക് ശേഷം സമാനമായി മഴ കിട്ടും. വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നാളെയോട് കൂടി ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടും. ഇതും മഴയ്ക്ക് കാരണമാകും.
ന്യൂനമർദത്തിന്റെ സ്വാധീനഫലമായി തെക്കൻ ബംഗാൾ ഉൾക്കടലിൽ 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. കടലിൽ പോകുന്ന മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളിലേത് പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, എറണാകുളം കോതമംഗലത്ത് കനത്ത മഴയിലും കാറ്റിലും വീടുകൾ തകർന്നു. കുടമ്പുഴ പഞ്ചായത്തിലെ പതിനാലാം വാർഡിൽ ആറോളം വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു. വീടിന്റെ മേൽക്കൂരകൾ പൂർണ്ണമായും കാറ്റിൽ പറന്നു പോയി. തട്ടേക്കാട് കുട്ടമ്പുഴ റൂട്ടിൽ മരങ്ങൾ കടപുഴകി വീണ് ഗതാഗതം സംഭിച്ചു. ചിലയിടങ്ങളിൽ ഇലക്ട്രിക് പോസ്റ്റുകൾക്ക് മുകളിലേക്ക് മരങ്ങൾ വീണ് വൈദ്യുതി ബന്ധം തടസ്സപ്പെട്ടു.