കാസർകോട്: പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ (64) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശക്തമായ കാറ്റിൽ കാഞ്ഞങ്ങാട് മന്നിയോട്ട് റോഡിൽവെച്ച് വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. ഇതറിയാതെ ഈ വഴിയെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക്, പൊട്ടി വീണ ലൈൻ കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിനൊപ്പം ചെറിയ കുട്ടിയുമുണ്ടായിരുന്നു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ശക്തമാവുകയാണ്.13 ജില്ലകളിൽ മഴ മുന്നറിയിപ്പുണ്ട്. മലപ്പുറം, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിലാണ് കനത്ത മഴയും കാറ്റും വീശിയടിച്ചത്. കൊല്ലം പുനലൂരിൽ ശക്തമായ മഴയിലും കാറ്റിലും മരങ്ങള്‍ കടപുഴകി.
എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ ശക്തമായ മഴയാണ് പെയ്തത്. പെരുമ്പാവൂരിൽ റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. വൈകുന്നേരം നാലോടെ തുടങ്ങിയ മഴ ഒരു മണിക്കൂറോളം നീണ്ടുനിന്നു. പലയിടത്തും കാറ്റ് വീശിയടിച്ചത് കൃഷിനാശമുണ്ടാക്കി. ശക്തമായ ഇടിയും മിന്നലും പലയിടത്തുമുണ്ടായി.
പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ടായിരുന്നു.