ഭൂമിയിലെ സ്വർഗ്ഗത്തിൽ നിന്ന് ഒരു സന്തോഷവാർത്ത! 2022 മാർച്ചിൽ കശ്മീർ ഒരു റെക്കോർഡ് സൃഷ്ടിച്ചു. കശ്മീർ ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ ലഭ്യമായ കണക്കുകൾ പ്രകാരം 10 വർഷത്തിനിടെ ആദ്യമായാണ് താഴ്വരയിൽ മാർച്ച് മാസത്തിൽ ഏകദേശം 1.8 ലക്ഷം വിനോദസഞ്ചാരികൾ എത്തിയത്. ഇന്ത്യയിൽ വേനലവധിക്കാലമായതിനാൽ വരുന്ന രണ്ട് മാസത്തിനുള്ളിൽ വിനോദസഞ്ചാരികളുടെ എണ്ണം കൂടുമെന്ന പ്രതീക്ഷയിലാണ് വകുപ്പ്.
2022 മാർച്ചിൽ 1,79,970 വിനോദസഞ്ചാരികൾ കശ്മീർ സന്ദർശിച്ചതായി ടൂറിസം ഡയറക്ടർ ജി എൻ ഇറ്റൂ പറഞ്ഞു, ഇത് കഴിഞ്ഞ 10 വർഷത്തെ റെക്കോർഡാണ്. “ഇത് ഒരു റെക്കോർഡ് സംഖ്യയാണ്, അതിൽ കൂടുതൽ വർദ്ധനവ് ഞങ്ങൾ പ്രതീക്ഷിക്കുന്നു. വിനോദസഞ്ചാരികളുടെ റെക്കോർഡ് എണ്ണത്തിന്റെ ക്രെഡിറ്റ് എല്ലാ പങ്കാളികളുടെയും കൂട്ടായ പ്രയത്നത്തിനാണ്,” അദ്ദേഹം അറിയിച്ചു.
ടൂറിസം വകുപ്പ് ശ്രീനഗറിലെ സബർവാൻ പാർക്കിൽ ആദ്യത്തെ ഹോട്ട് എയർ ബലൂൺ സവാരി ആരംഭിച്ചിട്ടുണ്ടെന്നും ഇത് വിനോദസഞ്ചാരികളെ ആകർഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാത്രമല്ല, കശ്മീരിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലും പാരാഗ്ലൈഡിംഗ് ഏർപ്പെടുത്താനും വകുപ്പ് പദ്ധതിയിടുന്നുണ്ട്.
വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഭുവനേശ്വർ, ബംഗളൂരു, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിൽ ഡിപ്പാർട്ട്മെന്റ് നിരവധി റോഡ്ഷോകൾ സംഘടിപ്പിച്ചതായി ടൂറിസം സെക്രട്ടറി സർമദ് ഹഫീസ് പറഞ്ഞു. “ഈ വർഷം, എല്ലാ ഹോട്ടലുകളും ഹൗസ് ബോട്ടുകളും അടുത്ത രണ്ട് മാസത്തേക്ക് ബുക്ക് ചെയ്തിട്ടുണ്ട്, ഇത് ഒരു നല്ല സൂചനയാണ്”.
വരും മാസങ്ങളിൽ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും കാശ്മീർ സന്ദർശിക്കുന്ന ആളുകൾക്ക് സവിശേഷമായ അനുഭവം നൽകാനാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ഇത് മാത്രമല്ല, ജൂൺ 30 മുതൽ 43 ദിവസത്തേക്ക് സംസ്ഥാനം വാർഷിക അമർനാഥ് യാത്രയും ആരംഭിക്കും. കഴിഞ്ഞ രണ്ട് വർഷമായി, കോവിഡ്-19 പാൻഡെമിക് കാരണം യാത്ര താൽക്കാലികമായി നിർത്തിവച്ചിരിക്കുകയായിരുന്നു. 2022ൽ റെക്കോർഡ് തീർഥാടകരെയാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.