പൂനെ: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനൊരുങ്ങുമ്പോള്‍ സുപ്രധാന നാഴികക്കല്ലിനരികെ മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ . ടി20 ക്രിക്കറ്റില്‍ വിരാട് കോഹ്ലിക്ക് ശേഷം പതിനായിരം റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് അരികിലാണ് രോഹിത്. ഹിറ്റ്മാന് 54 റണ്‍സ് കൂടിയാണ് ഇതിനായി വേണ്ടത്. ഇന്ത്യന്‍ താരങ്ങളില്‍ കിംഗ് കോലിക്ക് മാത്രമേ കുട്ടിക്രിക്കറ്റില്‍ പതിനായിരം ക്ലബില്‍ അംഗത്വം ഇതുവരെ നേടാനായിട്ടുള്ളൂ.
371 ടി20 മത്സരങ്ങളില്‍ 9936 റണ്‍സാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം. വിരാട് കോലിക്കാവട്ടേ 328 കളികളില്‍ 10,326 റണ്‍സും. നേട്ടത്തിൽ എത്താനായാൽ ടി20യില്‍ 10000 റണ്‍സ് തികയ്ക്കുന്ന ഏഴാം താരവുമാകും രോഹിത് ശര്‍മ. ക്രിസ് ഗെയ്ല്(14,562), ഷൊയൈബ് മാലിക്(11,698), കീറോണ്‍ പൊള്ളാര്‍ഡ്(11,430), ആരോണ്‍ ഫിഞ്ച് (10,444), വിരാട് കോലി(10,326), ഡേവിഡ് വാര്‍ണര്‍(10,308), രോഹിത് ശര്‍മ (9936) എന്നിങ്ങനെയാണ് റണ്‍വേട്ടക്കാരുടെ പട്ടിക. രാജ്യാന്തര ടി20യില്‍ 3313 റണ്‍സുള്ള രോഹിത് ഐപിഎല്ലില്‍ 5652 റണ്‍സ് ഇതിനകം പേരിലാക്കിയിട്ടുണ്ട്.