ബിഗ് ബോസ് മലയാളം സീസണ് 4 പ്രേക്ഷക പ്രീതിയുമായി മുന്നേറുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുളള, വ്യത്യസ്ത സ്വത്വങ്ങളുളള ആളുകള്‍ ആണ് ഇത്തവണ ബിഗ് ബോസില്‍ മത്സരാര്ത്ഥികളായിട്ടുളളത്. ജാസ്മിന് മൂസയും അപര്‍ണ മള്‍ബറിയും തങ്ങളുടെ ലെസ്ബിയന്‍ സ്വത്വം തുറന്ന് പറഞ്ഞ് വന്നിട്ടുളളവരാണ്. എന്നാല്‍ മത്സരാര്‍ത്ഥികളില്‍ ഒരാള്‍ കൂടി ഇപ്പോള്‍ തന്റെ സെക്ഷ്വാലിറ്റി പരസ്യമാക്കിയിരിക്കുകയാണ്.
തന്റെ സെക്ഷ്വാലിറ്റി നേരത്തെ തുറന്ന് പറഞ്ഞിട്ടില്ലാത്ത ഒരു മത്സരാര്‍ത്ഥി അത് ഷോയില്‍ വെച്ച്ഇപ്പോൾ പരസ്യമാക്കിയിരിക്കുകയാണ്. അശ്വിന് വിജയ് ആണ് താന്‍ ഗേ ആണെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. അപര്‍ണ മള്ബറിയോടാണ് അശ്വിന് ഇക്കാര്യം ആദ്യം തുറന്ന് പറഞ്ഞത്. പിന്നീട് ജാസ്മിന് മൂസയും ഇക്കാര്യം അറിഞ്ഞു. ജാസ്മിനെ മാറ്റിയിരുത്തിയാണ് അശ്വിനും അപര്‍ണയും കാര്യം അവതരിപ്പിച്ചത്. അശ്വിന് ഒരു കാര്യം പറയാനുണ്ടെന്ന് അപര്‍ണ ജാസ്മിനെ അറിയിച്ചു.
അശ്വിനും നമ്മളെ പോലെ ആണെന്ന് പറഞ്ഞാണ് അപര്‍ണ വിഷയം അവതരിപ്പിച്ചത്. അശ്വിന് ഗേ ആണെന്ന് അപര്‍ണ ജാസ്മിനോട് പറഞ്ഞു. ബൈ സെക്ഷ്വല്‍ ആണോ എന്നാണ് ജാസ്മിന് ഇത് കേട്ടപ്പോള്‍ അശ്വിനോട് ചോദിച്ചത്. താന്‍ സ്ട്രിക്ട്ലി ഗേ ആണെന്നും ബൈ സെക്ഷ്വല്‍ അല്ലെന്നും അശ്വിന് വിശദീകരിച്ചു. അശ്വിന് ഗേ ആണെന്നുളള കാര്യം തനിക്ക് നേരത്തെ മുതല്ക്കേ തന്നെ സംശയം ഉണ്ടായിരുന്നുവെന്ന് ജാസ്മിന് പറഞ്ഞു. തികച്ചും പേഴ്സണലായ ഒരു കാര്യം ആയത് കൊണ്ടാണ് ചോദിക്കാതിരുന്നത് എന്നും ജാസ്മിന് പറഞ്ഞു. ഗേ ആണെന്നത് തുറന്ന് പറഞ്ഞതില്‍ അശ്വിന് വലിയ ആശ്വാസമുണ്ടെന്ന് അപര്‍ണ കൂട്ടിച്ചേര്‍ത്തു. അപ്പോള്‍ ജാസ്മിന് അശ്വിന് ആത്മവിശ്വാസം നല്കി. ഇതൊന്നും പേടിക്കേണ്ട കാര്യമില്ലെന്നും തന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും ജാസ്മിന് അശ്വിനോട് പറഞ്ഞു.
തികച്ചും സാധാരണമായ പശ്ചാത്തലത്തില്‍ നിന്നും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയ അശ്വിന് ഒരു മജീഷ്യനാണ്. മാജികില്‍ ഏഷ്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്സിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും അശ്വിന് സ്ഥാനം നേടിയിട്ടുണ്ട്.