കോഴിക്കോട്: നഗരത്തിൽ വിവിധ സ്ഥലങ്ങളിൽ സ്കൂട്ടറിലെത്തി കഞ്ചാവ് വിൽപന നടത്തുന്നയാൾ അറസ്റ്റിൽ. പുതിയപാലം സ്വദേശി ദുഷ്യന്തനെയാണ് മെഡിക്കൽ കോളജ് പൊലീസും ഡൻസാഫും ചേർന്ന് പിടികൂടിയത്. വിൽപനക്കായി കൊണ്ടുവന്ന 475 ഗ്രാം കഞ്ചാവ് അന്വേഷണസംഘം പ്രതിയിൽനിന്ന് കണ്ടെടുത്തു. ഇരുപതോളം കേസുകളിൽ പ്രതിയാണ് പിടിയിലായ ദുഷ്യന്തൻ. പൊലീസിൻറെ കണ്ണുവെട്ടിച്ച് മായനാട് നടപ്പാലത്താണ് പ്രതി താമസിച്ചിരുന്നത്.
വിഷുവിനോടനുബന്ധിച്ച് ജില്ലയിൽ മയക്കുമരുന്നുകടത്ത് വ്യാപകമാകുന്നുവെന്ന വിവരത്തിൻറെ അടിസ്ഥാനത്തിൽ സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണർ ആമോസ് മാമ്മൻ നഗരത്തിൽ വാഹനപരിശോധനകൾ ഉൾപ്പെടെ ശക്തമായ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ രമേഷ് കുമാർ, ഡൻസാഫ് അസി. സബ് ഇൻസ്പെക്ടർ ഇ. മനോജ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്.