ന്യൂഡൽഹി: നവരാത്രിക്ക് രാജ്യം മുഴുവൻ മാംസ വിൽപ്പന നിരോധിക്കണമെന്ന് ബിജെപി എംപി പർവേഷ് സാഹിബ് സിംഗ് വർമ. നവരാത്രിയോട് അനുബന്ധിച്ച് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ മാംസ വിൽപ്പനക്ക് ഏർപ്പെടുത്തിയ നിരോധനത്തെ പിന്തുണച്ചായിരുന്നു പർവേഷിന്റെ പ്രസ്താവന.
‘സൗത്ത് എംസിഡിയുടെ ഉത്തരവിനെ ഞാൻ സ്വാഗതം ചെയ്യുന്നു. ഡൽഹിയിലെ മറ്റു എംസിഡികളിലും(ഈസ്റ്റ്, നോർത്ത്) ഈ നിയമം പിന്തുടരണം. രാജ്യത്തെല്ലായിടത്തും വേണം’- ബിജെപി ഭരിക്കുന്ന കോർപ്പറേഷനിലെ മേയറെ പിന്തുണച്ച് അദ്ദേഹം പറഞ്ഞു.
ബിജെപിയാണ് സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ ഭരിക്കുന്നത്. കോർപറേഷൻ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഈസ്റ്റ്, നോർത്ത് കോർപറേഷനുകളും മാംസ നിരോധനം നടപ്പാക്കണം. രാജ്യം മുഴുവനും നിരോധനം നടപ്പാക്കണമെന്നും പർവേഷ് പറഞ്ഞു.
കോർപറേഷൻ തീരുമാനത്തിനെതിരെ കോൺഗ്രസും ആം ആദ്മി പാർട്ടിയും രൂക്ഷവിമർശനവുമായി രംഗത്തുവന്നിരുന്നു. ഇത്തരം ഉത്തരവ് പുറപ്പെടുവിക്കാൻ കമ്മീഷണർക്കാണ് അധികാരമെന്നും മേയറുടേത് വാർത്തയിൽ ഇടപിടിക്കാനും നേതാക്കളെ പ്രീണിപ്പിക്കാനുമുള്ള ശ്രമമാണെന്നും കോൺഗ്രസ് വൈസ് പ്രസിഡൻറ് അഭിഷേക് ദത്ത് വിമർശിച്ചു.