കണ്ണൂർ: ഇരുപത്തിമൂന്നാമത് സിപിഎം പാർട്ടി കോൺഗ്രസിന് കണ്ണൂരിൽ കൊടിയേറ്റം. മുഖ്യമന്ത്രി പിണറായി വിജയനാണ് പാർട്ടി കോൺഗ്രസിന് ഔദ്യോഗിക തുടക്കമിട്ട് കൊണ്ട് പതാക ഉയർത്തിയത്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പതാകയുർത്തൽ.
ചെമ്പതാക അധ്വാനിക്കുന്ന വര്‍ഗത്തിന്റെ മോചന പതാകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. ഇടത് സര്‍ക്കാരിനെതിരെ എല്ലാ വലത് ശക്തികളും ഒരുമിച്ച് നില്‍ക്കുകയാണ്. ഇത് സിപിഐഎമ്മിനോടുളള വിരോധമാണ്. ഇവര്‍ നാട്ടില്‍ വികസനം വേണ്ടെന്ന് വാദിക്കുന്നു. യുഡിഎഫ് എംപിമാര്‍ കേരളത്തിനായി ശബ്ദമുയര്‍ത്തുന്നില്ലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ജനവികാരത്തിനെതിരായി നില്ക്കുന്നവര് ശോഷിച്ച് ഇല്ലാതാകുന്നുതാണ് കാണാന്‍ കഴിയുന്നത്. ബിജെപിയുടെ പ്രത്യേയശാസ്ത്ര ശത്രു സിപിഐഎം എന്നും മുഖ്യമന്ത്രി പറഞ്ഞു.
പതാക, കൊടിമര ജാഥകള്‍ പൊതുസമ്മേളന നഗരിയായ ജവഹര്‍ലാല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നു. വൈകുന്നേരം ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കാനുള്ള വിവിധ സബ്കമ്മറ്റികളെ തിരഞ്ഞെടുത്തു. പൊളിറ്റ് ബ്യൂറോ അംഗവും തൃപുര മുന്‍ മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാരാണ് പ്രസീഡിയം കമ്മറ്റി ചെയര്മാന്. അദ്ദേഹം അധ്യക്ഷനായ ഏഴംഗ പ്രസീഡിയമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുക.
നാളെ രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐ ജനറല്‍ സെക്രട്ടറി ഡി.രാജ അഭിവാദ്യം ചെയ്യും. നായനാര്‍ അക്കാദമിയില്‍ പ്രത്യേകം ഒരുക്കിയ വേദിയിലാകും പ്രതിനിധി സമ്മേളനം. പ്രതിനിധികളും നിരീക്ഷകരും കേന്ദ്ര കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ 815 പേരാണ് കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍നിന്നും പ്രതിനിധികളും നേതാക്കളും എത്തിത്തുടങ്ങി. ഗുജറാത്ത് സംഘം തിങ്കള്‍ പുലര്‍ച്ചെ കണ്ണൂരിലെത്തി. ബംഗാളില്‍നിന്നുള്ള പ്രതിനിധികള്‍ ഉള്‍പ്പെടെ ഇന്ന് രാവിലെ എത്തും. രക്തപതാകകളും ചുവപ്പലങ്കാരങ്ങളും ലോക, ഇന്ത്യന്‍ കമ്യൂണിസ്റ്റ് ആചാര്യന്മാരുടെ ചിത്രങ്ങളും അടക്കം പ്രചാരണം നിറഞ്ഞ കണ്ണൂര്‍ നഗരമാകെ പാര്‍ട്ടി കോണ്‍ഗ്രസ് വേദിയായി മാറിക്കഴിഞ്ഞു. ഏപ്രില്‍ പത്തിന് ജവഹര്‍ സ്റ്റേഡിയത്തിലാകും സമാപന സമ്മേളനം.