ഭുവനേശ്വര്‍: കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന മേല്‍വിലാസം വേണ്ടന്ന് ഫോർവേഡ്ബ്ലോക്ക്. ഇതിന്റെ ഭാഗമായി പാര്‍ട്ടി പതാകയില്‍ നിന്ന് കമ്മ്യൂണിസ്റ്റ് ചിഹ്നങ്ങളായ അരിവാളും ചുറ്റികയും പാര്‍ട്ടി ഉടന്‍ ഉപേക്ഷിക്കും.
ഈ മാസം 8,9 തിയ്യതികളിലായി ഭുവനേശ്വറില്‍ നടക്കുന്ന ദേശീയ കൗണ്‍സിലില്‍ അംഗീകാരം ലഭിക്കുന്നതോടെ ഈ തീരുമാനങ്ങള്‍ ഔദ്യോഗികമായി നിലവില്‍ വരുമെന്ന് ഫോര്‍വേഡ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി ജി. ദേവരാജന്‍ ഒരു സ്വകാര്യ വാര്‍ത്ത ചാനലിനോട് പറഞ്ഞു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന ഉദ്ദേശത്തിലല്ല നേതാജി സുബാഷ് ചന്ദ്രബോസ് ഫോര്‍വേഡ് ബ്ലോക്ക് രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ തന്നെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തിച്ചിരുന്നത്. പിന്നീടാണ് ഇടത് പക്ഷത്തേക്ക് പാര്‍ട്ടി വരുന്നതെന്നും ദേവരാജന്‍ വ്യക്തമാക്കി.
അരിവാളും ചുറ്റികയും കാരണം കമ്മ്യൂണിസ്റ്റ് ആശയങ്ങളുള്ള പാര്‍ട്ടിയായാണ് പലരും ഫോര്‍വേഡ് ബ്ലോക്കിനെ കരുതുന്നത്. എന്നാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദം ഉള്‍പ്പടെയുള്ള പല ആശയങ്ങളോടും ഫോര്‍വേഡ് ബ്ലോക്ക് യോജിക്കുന്നില്ല. അതിനാലാണ് പതാകയിലെ അരിവാളും ചുറ്റികയും ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. സോഷ്യലിസ്റ്റ് പാര്‍ട്ടിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.