കുവൈത്ത് സിറ്റി: കുവൈത്തിൽ അൾട്രാ പെട്രോൾ വില വർധിപ്പിച്ചതായി കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി അറിയിച്ചു. ലിറ്ററിന് 200 ഫിൽസുണ്ടായിരുന്ന അൾട്രാ / 98 ഓക്റ്റയിൻ പെട്രോളിന് 235 ഫിൽസ് ആയാണ് വില വർധിപ്പിച്ചത്. മൂന്നുമാസം കഴിഞ്ഞാൽ വില അവലോകനം ചെയ്ത് പരിഷ്കരിക്കും. 2021 ജൂലൈയിൽ 165 ഫിൽസ് ഉണ്ടായിരുന്ന അൾട്ര പെട്രോൾ മൂന്നുമാസം കൂടുമ്പോൾ പരിഷ്കരിച്ചാണ് ഇപ്പോഴത്തെ നിലയിൽ എത്തിയത്. ഗുണനിലവാരം കൂടിയ അൾട്ര 98 കുവൈത്തികളും ഉയർന്ന സാമ്പത്തിക നിലയുള്ളവരുമാണ് പൊതുവെ ഉപയോഗിക്കാറുള്ളത്. മറ്റു പെട്രോൾ ഇനങ്ങളുടെ വിലയിൽ മാറ്റമില്ലെന്നും കെ.എൻ.പി.സി അറിയിച്ചു. സൂപ്പർ ലിറ്ററിന് 105 ഫിൽസ്, പ്രീമിയം ലിറ്ററിന് 85 ഫിൽസ്, ഡീസൽ ലിറ്ററിന് 115 ഫിൽസ്, മണ്ണെണ്ണ ലിറ്ററിന് 115 ഫിൽസ് എന്നിങ്ങനെയാണ് വില.