മുംബൈ: സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ ലക്നൗ സൂപ്പർ ജയന്റ്സിന് 12 റൺസ് ജയം. ലഖ്നൗ ഉയര്‍ത്തിയ 170 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
നാല് ഓവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്ത ആവേശ് ഖാനാണ് ഹൈദരാബാദിനെ തകർത്തത്. ലക്നൗവിനായി ജെയ്സൺ ഹോൾഡർ മൂന്നും ക്രുനാൽ പാണ്ഡ്യ രണ്ടും വിക്കറ്റ് നേടി. 44 റൺസെടുത്ത രാഹുൽ ത്രിപാഠിയാണ് ഹൈദരാബാദ് നിരയിലെ ടോപ് സ്കോറർ. സീസണില്‍ ലഖ്നൗവിന്റെ രണ്ടാം ജയമാണിത്.
170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദിന് സ്കോർ 25 റൺസിലെത്തി നിൽക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 16 റൺസെടുത്ത ക്യാപ്റ്റൻ കെയ്ൻ വില്യംസനെ ആവേശ് ഖാൻ ആന്ദ്രേ ടൈയുടെ കയ്യിലെത്തിച്ചു. പിന്നീട് ക്രീസിലെത്തിയ രാഹുൽ ത്രിപാഠി സ്കോർ ഉയർത്തിയെങ്കിലും സ്കോർ 38 ൽ എത്തി നിൽക്കെ ഓപ്പണർ അഭിഷേക്ക് വർമ്മയെയും ഹൈദരാബാദിന് നഷ്ടമായി.
ഹൈദരാബാദിന്റെ പ്രതീക്ഷയായിരുന്ന രാഹുല്‍ ത്രിപാഠിയേയും മടക്കി ക്രുനാല്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ കളിയിലേക്ക് തിരികെയെത്തിച്ചു. 30 പന്തുകള്‍ നേരിട്ട് ഒരു സിക്സും അഞ്ച് ഫോറുമടക്കം 44 റണ്‍സെടുത്താണ് ത്രിപാഠി മടങ്ങിയത്. പിന്നീടെത്തിയ നിക്കോളാസ് പൂരാൻ ആക്രമിച്ച് കളിച്ചെങ്കിലും 34 റൺസെടുത്ത് പുറത്തായി. പിന്നീടെത്തിയ സമദ് ആദ്യ ബോളിൽ പുറത്തായി. അവസാന ഓവറുകളിൽ ആക്രമിച്ച് കളിക്കാൻ ശ്രമിച്ചെങ്കിലും 12 റൺസ് അകലെ ഹൈദരാബാദിന്റെ ഇന്നിംങ്സ് അവസാനിക്കുകയായിരുന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പര്‍ ജയന്റ്സ് ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍, ദീപക് ഹൂഡ എന്നിവരുടെ അര്‍ധ സെഞ്ചുറി മികവില്‍ 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുത്തിരുന്നു. 50 പന്തില്‍ നിന്ന് ഒരു സിക്സും ആറ് ഫോറുമടക്കം 68 റണ്‍സെടുത്ത രാഹുലാണ് ടീമിന്റെ ടോപ് സ്കോറര്‍.
ഹൈദരാബാദിനായി വാഷിങ്ടണ്‍ സുന്ദര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, ടി. നടരാജന് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.