കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് മുഖ്യപരിശീലകൻ ഇവാൻ വുകോമനോവിച്ചുമായുള്ള കരാർ നീട്ടി. മൂന്ന് വർഷത്തേയ്ക്കാണ് കരാർ പുതുക്കിയത്. ഇതോടെ കേരളത്തിന്റെ സ്വന്തം കൊന്പൻമാരെ 2025 വരെ ഇവാൻ വുകോമനോവിച്ച് നയിക്കും.
“ഇവാനുമായി മൂന്ന് വര്‍ഷത്തെ കരാറില്‍ ഏര്‍പ്പെട്ടതില്‍ സന്തോഷമുണ്ട്. ടീമുമായി സുഗമമായി പൊരുത്തപ്പെട്ട അദ്ദേഹം ബ്ലാസ്റ്റേഴ്സ് കുടുംബത്തിന്റെ അവിഭാജ്യ ഘടകമാണ്. ഇത് ക്ലബിന്റെ ഒരു പ്രധാന നീക്കമാണെന്ന് കരുതുന്നു, ഞങ്ങളുടെ ജോലി സ്ഥിരതയോടെ തുടരാനും കൂടുതല്‍ ലക്ഷ്യങ്ങള്‍ നേടാനും ഞങ്ങള്‍ക്കിപ്പോള്‍ ശക്തമായ അടിത്തറയുണ്ട്. ഈ വിപുലീകരണത്തിലൂടെ എല്ലാ കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെയും അഭിനന്ദിക്കാന്‍ ആഗ്രഹിക്കുന്നു.” -ബ്ലാസ്റ്റേഴ്സിന്റെ സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്കിന്‍കിസ് പറഞ്ഞു.
കേരള ബ്ലാസ്റ്റേഴ്സിനെ ഇത്തവണ അടിമുടി ഉടച്ച് വാർത്താണ് ഇവാൻ കളത്തിലിറക്കിയത്. ടീമിനെ മൂന്നാം ഐഎസ്എല്‍ ഫൈനലിലേക്ക് നയിച്ചതിന് പുറമെ, സീസണില്‍ പ്രധാനപ്പെട്ട ക്ലബ്ബ് റെക്കോര്‍ഡുകളുടെ ഒരു നിര തന്നെ സ്ഥാപിക്കുകയും ചെയ്തു.
ഇവാന് മുഖ്യപരിശീലകനായ ആദ്യ സീസണില്‍ ഒട്ടേറെ നാഴികക്കല്ലുകള്‍ ക്ലബ്ബ് പിന്നിട്ടു. പത്ത് മത്സരങ്ങളിലെ അപരാജിത കുതിപ്പിലൂടെ, ക്ലബ് ചരിത്രത്തിലാദ്യമായി കേരള ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ ഏറ്റവും മുന്നിലെത്തി. വുക്കോയ്ക്കു കീഴിൽ പല ഇന്ത്യന്‍ താരങ്ങള്‍ അവരുടെ പ്രകടനം മെച്ചപ്പെടുത്തുകയും യുവതാരങ്ങള്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍, ഏറ്റവും കൂടുതല്‍ പോയിന്റുകള്‍, ഏറ്റവും കൂടുതല്‍ വിജയങ്ങള്‍, ഏറ്റവും കുറഞ്ഞ തോല്‍വികള്‍ തുടങ്ങിയവയും ഇവാന്റെ കീഴില്‍ രേഖപ്പെടുത്തിയതോടെ കേരള ബ്ലാസ്റ്റേഴ്സിന് ഇതൊരു മാതൃകാപരമായ സീസണ് കൂടിയായിരുന്നു.