എറണാകുളം: മൂവാറ്റുപുഴയില്‍ മൂന്ന് പെണ്‍കുട്ടികളെ പുറത്താക്കി വീട് ജപ്തി ചെയ്ത സംഭവത്തിൽ ബാങ്കിന്റെ വാഗ്ദാനം തള്ളി ഗൃഹനാഥൻ അജേഷ്. ബാങ്ക് ജീവനക്കാർ അടയ്ക്കുവാൻ തീരുമാനിച്ച തുക തനിക്ക് വേണ്ടെന്ന് അജേഷ് പറഞ്ഞു. മാത്യു കുഴൽനാടൻ എംഎൽഎ ബാധ്യത ഏറ്റെടുത്തശേഷമാണ് ജീവനക്കാർ രംഗത്ത് വന്നത്. സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും തന്നെയും തന്റെ കുടുംബത്തെയും സോഷ്യൽമീഡിയ വഴി അപമാനിച്ചു. തന്നെ അപമാനിച്ചവരുടെ സഹായം തനിക്ക് വേണ്ട എന്നും അജേഷ് പറഞ്ഞു.
താൻ മദ്യപാനിയാണെന്ന് സിപിഎമ്മുകാരും ബാങ്ക് ജീവനക്കാരും പറഞ്ഞ് പരത്തി. പല തവണ ബാങ്കിൽ കയറി ഇറങ്ങിയിട്ടും അനുകൂല നിലപാട് സ്വീകരിക്കാതിരുന്ന ജീവനക്കാർ ഇപ്പോൾ രംഗത്ത് വരുന്നത് അവരുടെ വീഴ്ച്ച മറയ്ക്കാനാണ്. ഇത്രയും നാൾ ജീവനക്കാർ തൻ്റെ വാക്കുകൾ കേൾക്കാൾ കൂടി തയ്യാറായിരുന്നില്ല എന്നും അജേഷ് പറഞ്ഞു.
വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാർത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അർബൻ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (CITU) അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാൻ തയ്യാറായത്. ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ സാമൂഹ്യ മാധ്യമത്തിലൂടെയാണ് വിവരം അറിയിച്ചത്.
രണ്ടു ദിവസം മുൻപായിരുന്നു ഹൃദ്രോഗിയായ ഗൃഹനാഥൻ ആശുപത്രിയിലായിരിക്കെ ബാങ്ക് ഉദ്യോഗസ്ഥർ വീട് ജപ്തി ചെയ്തത്. ബാങ്കിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാത്യു കുഴൽനാടൻ എം.എൽ.എ രംഗത്തെത്തിയിരുന്നു. പ്രായപൂർത്തിയാകാത്ത കുട്ടികളെ പുറത്തിറക്കിയ ശേഷമായിരുന്നു ജപ്തി നടപടി. എം.എൽ.എയും നാട്ടുകാരും ചേർന്ന് അർബൻ ബാങ്ക് ജപ്തി ചെയ്ത വീടിന്റെ പൂട്ട് പൊളിച്ചു. പണം അടയ്ക്കാൻ സാവകാശം നൽകണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ ആവശ്യപ്പെട്ടിരുന്നു.
മൂവാറ്റുപുഴ താലൂക്കിലെ പായിപ്ര പഞ്ചായത്തിൽ അജേഷിന്റെ വീടാണ് ബാങ്ക് ജപ്തി ചെയ്തത്. 1 ലക്ഷം രൂപ അർബൻ ബാങ്കിൽ നിന്നും അജേഷ് ലോൺ എടുത്തിരുന്നു. പിന്നീട് അസുഖം ബാധിച്ചതോടെ തിരിച്ചടവ് മുടങ്ങി. പലിശയടക്കം 1,40,000 തിരിച്ചടക്കാത്തതിനെ തുടർന്നാണ് ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നത്.