മേപ്പയ്യൂർ: ചെറുവണ്ണൂരിൽ മദ്യ-മയക്കുമരുന്നു മാഫിയയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റതായി പരാതി. കുന്നോത്ത് മീത്തൽ രാജേഷിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വീട്ടിലേക്കു പോവുകയായിരുന്ന രാജേഷിനെ ലഹരിമാഫിയ മർദ്ദിക്കുകയായിരുന്നു. ഇയാൾ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തെ തുടർന്ന് മദ്യ-മയക്കുമരുന്ന് സംഘങ്ങളെ നിയന്ത്രിക്കാൻ നാട്ടുകാർ സർവകക്ഷി യോഗം ചേർന്നു. ചെറുവണ്ണൂർ പഞ്ചായത്തിലെ ആയുർവേദ ആശുപത്രി-കാഞ്ഞോട്ടുമീത്തൽ പ്രദേശത്ത് മദ്യ-മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുന്നതായി പരാതിയുണ്ട്. കൂടാതെ ബിവറേജ് ഔട്ട്ലറ്റുകളിൽനിന്ന് മദ്യം വാങ്ങി പ്രദേശത്ത് ഒരു വീട് കേന്ദ്രീകരിച്ച് വിൽപന നടക്കുന്നതായും ആരോപണമുണ്ട്.
പ്രദേശവാസികൾ പലതവണ എക്സൈസിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്ന് പറയുന്നു. മദ്യത്തിനൊപ്പം ലഹരിവസ്തുക്കളുടെ വിൽപനയും പ്രദേശത്ത് തകൃതിയായി നടക്കുന്നുണ്ട്. പകൽപോലും പരസ്യ മദ്യപാനം നടക്കുന്നതായി നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.