കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഐ.ടി വിദഗ്ധനായ സായ് ശങ്കറിനെ പ്രതിചേർത്തു. ദിലീപിൻ്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചതിനാണ് സായ് ശങ്കറെ പ്രതി ചേർത്തത്. കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഇത് സംബന്ധിച്ച റിപ്പോർട്ട് അന്വേഷണ സംഘം കേസ് പരിഗണിക്കുന്ന ആലുവ കോടതിയിൽ സമർപ്പിച്ചു.
വധഗൂഢാലോചനക്കേസിൽ ഇതുവരെ ആറ് പേർക്കെതിരെയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതി ചേർക്കുന്നതിന് മുന്നോടിയായി സായ് ശങ്കർ മുൻകൂർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹർജിയിൽ വാദിച്ചു.
കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.