തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ശക്തമായ മഴ. തിരുവനന്തപുരത്തും കൊല്ലത്തും പലയിടത്തും മരം കടപുഴകി വീണു. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും അടുത്ത മണിക്കൂറുകളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്. ഉച്ചക്ക് ശേഷം തുടങ്ങിയ മഴ മണിക്കൂറുകളോളം നിർത്താതെ പെയ്തു. തിരുവനന്തപുരം നഗരത്തിലും മലയോര പ്രദേശങ്ങളിലും കനത്ത മഴ കിട്ടി. അരുവിക്കര ഡാമിന്റെ ഷട്ടർ തുറക്കും.
തിരുവനന്തപുരം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് മൂലം ഗതാഗതം തടസപ്പെട്ടു. തമ്പാനൂരിലെയും സെക്രട്ടേറിയറ്റ് പരിസരത്തെയും റോഡുകളിൽ വെള്ളക്കെട്ടുണ്ടായി. മന്ത്രി ജി.ആർ.അനിലിന്റെ ഓദ്യോഗിക വീടിന്റെ വളപ്പിൽ മരം ഒടിഞ്ഞ് വീണു. ചാത്തന്നൂർ പാരിപ്പള്ളി ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിട്ടു
ഇന്ന് രാത്രിയോടെ എറണാകുളം, തൃശ്ശൂർ, ഇടുക്കി ലോവർ റേഞ്ചിലും മഴ ശക്തമാകും. വടക്കൻ കേരളത്തിൽ മഴ ചെറിയ തോതിൽ മാത്രമേ ലഭിക്കൂ എന്നാണ് അറിയുന്നത്. നാളെയോടെ ആന്തമാൻ കടലിൽ ചക്രവതച്ചുഴി രൂപപ്പെടും. പിന്നീട് ഇത് ന്യൂനമർദ്ദമായി മാറുമെന്നും കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. കടലിൽ പോകുന്ന മത്സ്യതൊഴിലാളികൾ ജാഗ്രത പാലിക്കണം.