തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതിനാൽ എല്ലാ ജില്ലകളും ജാഗ്രതയോടെ പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.
ജില്ലകൾ കൂടുതൽ ശക്തമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കണം. തദ്ദേശസ്വയംഭരണ വകുപ്പുമായി സഹകരിച്ച് പ്രവർത്തനം നടത്തണം. മൃഗസംരക്ഷണ വകുപ്പിന്റെ സഹകരണവും ഉറപ്പാക്കണം. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ നിരീക്ഷണം ശക്തമാക്കണം. പകർച്ചവ്യാധികളെപ്പറ്റി പൊതുബോധം ശക്തിപ്പെടുത്തണമെന്നും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിന്റെ മഴക്കാലപൂർവ രോഗങ്ങളുടെ അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.
തിരുവനന്തപുരം: കഴിഞ്ഞ വർഷങ്ങളിലെ പകർച്ചവ്യാധികളെപ്പറ്റി യോഗം വിലയിരുത്തി. കഴിഞ്ഞ വർഷം ഡെങ്കിപ്പനിയും എലിപ്പനിയുമാണ് സംസ്ഥാനത്ത് കൂടുതൽ റിപ്പോർട്ട് ചെയ്തത്. ഈ വർഷവും ഡെങ്കിപ്പനി, എലിപ്പനി വ്യാപനം ശ്രദ്ധിക്കണമെന്ന് യോഗം വിലയിരുത്തി. ഡെങ്കിപ്പനി ഏറ്റവും കൂടുതൽ തിരുവനന്തപുരം ജില്ലയിലും എലിപ്പനി എറണാകുളം ജില്ലയിലുമാണ് റിപ്പോർട്ട് ചെയ്തത്. ഈ ജില്ലകൾ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാൻ നിർദേശം നൽകി.
കോവിഡിനോടൊപ്പം നോൺ കോവിഡ് പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. എല്ലാ ആഴ്ചയും ഐഡിഎസ്പി യോഗം നടത്തി സ്ഥിതി വിലയിരുത്തും. രോഗങ്ങളെ സംബന്ധിച്ച ബുള്ളറ്റിൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറും. മലേറിയ, കുഷ്ഠം, മന്ത് രോഗം, കാലാഅസർ തുടങ്ങിയ രോഗങ്ങളുടെ നിർമാർജന പ്രവർത്തനങ്ങൾ ഊർജിതമാക്കും. മലേറിയ മൈക്രോസ്കോപ്പി ട്രെയിനിംഗ് നൽകും. കാലാഅസർ പ്രതിരോധത്തിന് ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും.
മലിനജലവുമായി സമ്പർക്കമുള്ളവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. മണ്ണുമായി സമ്പർക്കത്തിൽ വരുന്ന ആളുകളിലും എലിപ്പനി കണ്ടുവരുന്നതിനാൽ അവരും ശ്രദ്ധിക്കണം.
വരുന്ന അഞ്ച് മാസം പ്രത്യേക ശ്രദ്ധ നൽകി പ്രവർത്തിക്കണം. കോർപറേഷൻ, മുൻസിപ്പാലിറ്റി മേഖലകളിലാണ് മുൻപ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നിർമ്മാണ കേന്ദ്രങ്ങൾ, തോട്ടങ്ങൾ, വെള്ളം കെട്ടിക്കിടക്കുന്ന സ്ഥലങ്ങൾ, വീട്ടിനകത്തെ ചെടിച്ചട്ടികൾ എന്നിവ പ്രത്യേകം ശ്രദ്ധിക്കണം. കഴിഞ്ഞ വർഷം മേയ് മാസത്തിലാണ് കോഴിക്കോട് നിപ വൈറസ് റിപ്പോർട്ട് ചെയ്തത്. അതിനാൽ നിപ വരാതിരിക്കാനുള്ള പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കണമെന്നും യോഗം വിലയിരുത്തി.
ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. മീനാക്ഷി, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രാഗ്രോം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.