കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വധഗൂഢാലോചനക്കേസിൽ വിൻസന്റ് ചൊവ്വല്ലൂരിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നു. നടൻ ദിലീപിന്റെ ഫോണിലെ നിർണായകമായ വിവരങ്ങൾ നശിപ്പിക്കാൻ വിൻസന്റ് സഹായിച്ചുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
അതേസമയം, നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചായിരുന്നു സാഗർ വിൻസന്റ് ഹർജി നൽകിയത്. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടിസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.
ഇതിനിടെ കേസിലെ നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് വിജീഷ് ഹർജിയിൽ വാദിച്ചത്. കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും വിജേഷ് കോടതിയെ അറിയിച്ചിരുന്നു.