കണ്ണൂർ: വികസനത്തെ എതിർക്കുന്നവരെ കേരളം ഒറ്റപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. നിശ്ചയദാർഢ്യവും ദീർഘവീക്ഷണവുമുള്ള സർക്കാരിന്റെ കരുത്ത് കേരള ജനതയാണെന്നും മന്ത്രി ആന്റണി രാജു പറഞ്ഞു.
സമാനതകളില്ലാത്ത പ്രതിസന്ധികളിൽ ഉണ്ണാനും ഉടുക്കാനുമില്ലാത്ത ജനതയെ കൈപിടിച്ചുയർത്തിയ സർക്കാരിന്റെ മുഖമുദ്ര ജനക്ഷേമവും വികസനവും തന്നെയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള വികസനത്തിന് കെ റെയിലും കെ ഫോണും പോലുള്ള പുതിയ സംവിധാനങ്ങളിലൂടെ മുന്നോട്ട് പോകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു റവന്യു – ഭവന വകുപ്പ് മന്ത്രി കെ രാജൻ പറഞ്ഞു. കിഫ്ബിയിലുടെ 140 മണ്ഡലങ്ങളിലുമെത്തിയ വികസനത്തേര് ജനങ്ങൾ ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ആശയപരമായ ചിന്തയിലൂന്നി ഒരു മനസ്സായി ഒറ്റകെട്ടായി പ്രവർത്തിക്കുന്ന സർക്കാറാണിതെന്നും മന്ത്രി കൂട്ടി ചേർത്തു.
കേരളത്തെ ഒരു പ്രളയത്തിനും ഒരു കോവിഡിനും ഒരു ദുരന്തത്തിനും വിട്ടുകൊടുക്കാത്ത ലോക മലയാളത്തിന്റെ രക്ഷകർത്താവാണ് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വിപുലമായ വികസനത്തിന്റേയും ജനമുന്നേറ്റത്തിന്റേയും മതനിരപരതയുടെയും ജനാതിപത്യ അടിത്തറയിൽ നിന്ന് ഉയർന്നു വന്നിട്ടുള്ള സാമൂഹ്യ വികസനത്തിന്റേയും ആറു വർഷക്കാലമാണ് ലോകം കണ്ടതെന്നും മന്ത്രി പറഞ്ഞു..