കൊച്ചി: നടിയെ ആക്രമിച്ച കേസിലെ നാലാം പ്രതിയും കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ മുൻ ജീവനക്കാരനുമായ വിജീഷിന് ജാമ്യം.
നടിയെ ആക്രമിച്ച സംഘത്തിൽ പൾസർ സുനിക്കൊപ്പം വിജീഷും വാഹനത്തിൽ ഉണ്ടായിരുന്നു. കേസിൽ പൾസർ സുനി, വിജീഷ് എന്നിവർ ഒഴികെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി മാത്രമാണ് ഇനി ജയിലിലുള്ളത്.
കേസിൽ മറ്റു പ്രതികൾക്ക് ഹൈക്കോടതിയും സുപ്രീംകോടതിയും ജാമ്യം നൽകിയിട്ടുണ്ടെന്നും കേസിന്റെ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ പ്രതിയ്ക്ക് ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നുമാണ് വിജീഷ് ഹർജിയിൽ വാദിച്ചത്.
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻറെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ദിലീപിന്റെ ആലുവയിലെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത കാറിൽ പൾസർ സുനിയോടൊപ്പം അനൂപ് ഉണ്ടായിരുന്നുവെന്നാണ് ബാലചന്ദ്രകുമാർ മൊഴി നൽകിയിട്ടുള്ളത്.