അബൂദബി: റമദാനോടനുബന്ധിച്ച് നടത്തുന്ന സാമൂഹിക ക്ഷേമപ്രവർത്തനങ്ങൾക്കായി 340 ദശലക്ഷം ദിർഹമിൻറെ സഹായം നൽകാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ഉത്തരവിട്ടു.
യു.എ.ഇയിൽ സാമൂഹിക സഹായത്തിന് രജിസ്റ്റർ ചെയ്തവർക്ക് പ്രതിമാസം നൽകിവരുന്ന സാമ്പത്തിക സഹായത്തിനു പുറമെയാണിത്. വിധവകൾ, വിവാഹമോചിതർ, ഭിന്നശേഷിക്കാർ, പ്രായമായ ഇമാറാത്തി പൗരന്മാർ, അനാഥർ, അജ്ഞാതരായ കുട്ടികൾ, അവിവാഹിതരായ പെൺകുട്ടികൾ, രോഗികൾ, വിവാഹിതരായ വിദ്യാർഥികൾ, തടവുകാരുടെ കുടുംബം, അംഗപരിമിതർ, ഉപേക്ഷിക്കപ്പെട്ട ആളുകൾ, വിദേശികളെ വിവാഹം കഴിച്ച സ്വദേശികൾ എന്നിവർക്കാണ് യു.എ.ഇ മാസംതോറും സഹായം ചെയ്തുവരുന്നത്.
ഇമാറാത്തി കുടുംബങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുകയെന്ന അബൂദബി സർക്കാറിൻറെ പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നടപടികൾ.
കഴിഞ്ഞവർഷം എണ്ണൂറിലേറെ ഇമാറാത്തി പൗരന്മാർക്കാണ് ഭവനവായ്പ അനുവദിക്കുകയോ ബലിപെരുന്നാൾ വേളയിൽ അവരുടെ കടങ്ങൾ വീട്ടുകയോ ചെയ്തത്. കുറഞ്ഞ വരുമാനക്കാരായ സ്വദേശി കുടുംബങ്ങളെ സഹായിക്കുന്നതിനായി 2018 ഡിസംബറിലാണ് അബൂദബി സാമൂഹിക പിന്തുണ പദ്ധതിക്കു തുടക്കം കുറിച്ചത്.