ദോഹ: അർബുദ പരിചരണ സേവനവുമായി ബന്ധപ്പെട്ട ഖത്തറിലെ ആദ്യ ഗൈഡ് പുറത്തിറങ്ങി. ഹമദ് മെഡിക്കൽ കോർപറേഷൻ, പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ, സിദ്ര മെഡിസിൻ, ഖത്തർ കാൻസർ സൊസൈറ്റി, നാഷനൽ കാൻസർ പ്രോഗ്രാം (എൻ.സി.പി), ഖത്തർ റെഡ്ക്രെസൻറ്, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സംയുക്ത പദ്ധതിയായാണ് രാജ്യത്തെ ആദ്യ കാൻസർ കെയർ സർവിസ് ഗൈഡ് തയാറാക്കിയത്.
അർബുദരോഗ നിർണയം മുതൽ ചികിത്സയും പരിചരണവും ഉൾപ്പെടെയുള്ള മുഴുവൻ വിവരങ്ങളും ഉൾക്കൊള്ളിച്ച് പൊതുജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ രീതിയിലാണ് ഗൈഡ് തയാറാക്കിയത്. ആരോഗ്യമന്ത്രാലയത്തിൻറെ വിവിധ പദ്ധതികളുടെ തുടർച്ചയായാണ് കാൻസർ പരിചരണവുമായി ബന്ധപ്പെട്ട് മുഴുവൻ വിവരങ്ങളുമുള്ള ഗൈഡ് തയാറാക്കിയത്. മാനസിക രോഗിയായ സേവനങ്ങളുമായി ബന്ധപ്പെട്ട ഗൈഡ്, ഗൈഡ് ടു മറ്റേണിറ്റി സർവിസ്, പ്രിൻസിപ്പൽസ് ഓഫ് ഹെൽത് കെയർ സർവിസസ് ഇൻ ഖത്തർ ഫോർ ചിൽഡ്രൻ, അഡൽറ്റ്സ്, എൽഡേർലി തുടങ്ങിയ ഗൈഡുകൾ നേരത്തെ മന്ത്രാലയം നേതൃത്വത്തിൽ പുറത്തിറക്കിയിരുന്നു.
രോഗികൾക്ക് ആരോഗ്യ സേവനങ്ങൾ എളുപ്പത്തിൽ ഉപയോഗപ്പെടുത്താനും മനസ്സിലാക്കാനും ആവശ്യമായ വിവരങ്ങൾ നൽകുകയാണ് ഗൈഡിലൂടെ ലക്ഷ്യമിട്ടത്. രോഗിയുടെ അനുഭവം മെച്ചപ്പെടുത്താനും അവരുടെ ചികിത്സ താങ്ങാനാകുന്നതാക്കാനും ഇതുവഴി ലക്ഷ്യമിടുന്നു.