മുംബൈ: ഐപിഎല്ലില്‍ പരാജയത്തിൽ തുടങ്ങിയ ഹൈദരാബാദും വിജയവഴിയിൽ എത്തിയ ലഖ്നൗവും ഐപിഎല്ലിൽ ഇന്ന് നേർക്കുനേർ.മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളിതുടങ്ങുക. കഴിഞ്ഞ സീസണിൽ നിന്ന് ഏറെയെന്നും മുന്നോട്ട് പോയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ആദ്യ കളിയിൽ ഹൈദരാബാദിന്റെ പ്രകടനം. ഐപിഎല്ലിൽ തുടർച്ചയായി പൂജ്യത്തിന് പുറത്താവുന്ന നിക്കോളാസ് പുരാനും പ്രതിഭയോട് നീതിപുലർത്താത്ത അബ്ദുൽ സമദും അവസരത്തിനൊത്ത് ഉയർന്നാലേ ഇനി രക്ഷയുള്ളൂ.
നായകൻ കെയ്ന്‍ വില്യംസൺ, ഏയ്ഡന്‍ മർക്രാം, ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ, എന്നിവരുടെ പ്രകടനവും നിർണായകം. ഉമ്രാൻ മാലിക്കിന്റെ അതിവേഗത്തിലും ഭുവനേശ്വർ കുമാർ, ടി നടരാജൻ എന്നിവരുടെ കൃത്യതയിലും ഹൈദരാബാദിന് പ്രതീക്ഷയേറെ. കടലാസിൽ കരുത്തരാണ് കെ എൽ രാഹുലിന്റെ ലഖ്നൗ. ക്വിന്റൺ ഡി കോക്കും, മനീഷ് പാണ്ഡേയും എവിൻ ലൂയിസനും ക്രീസിലുറച്ചാൽ റൺസിനെക്കുറിച്ച് ആശങ്കയും വേണ്ട.