കൊച്ചി; നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് ഹർജി. തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണം സംഘം നൽകിയ നോട്ടിസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യമുണ്ട്. എന്നാൽ ഹർജിക്കാരന്റെ വാദങ്ങൾ അടിസ്ഥാന രഹിതമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
കേസിലെ നാലാം പ്രതി വിജീഷ് നൽകിയ ജാമ്യ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം. ജാമ്യം നൽകാതെ ജയിലിൽ പാർപ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് ഹർജിയിൽ വിജീഷ് ചൂണ്ടിക്കാട്ടി. നടിയെ ആക്രമിക്കാനുള്ള സംഘത്തിൽ ഒന്നാം പ്രതി പൾസർ സുനിയോടൊപ്പം അത്താണി മുതൽ വാഹനത്തിൽ വിജീഷും ഉണ്ടായിരുന്നു. പൾസർ സുനിയും വിജീഷ് ഒഴികെ കേസിലെ മറ്റു പ്രതികൾ നേരത്തെ ജാമ്യത്തിൽ ഇറങ്ങിയിട്ടുണ്ട്.