അഫ്ഗാനിസ്താനിൽ മയക്കുമരുന്ന് ഉൽപാദനം നിരോധിച്ച് താലിബാൻ. ഇന്ന് താലിബാന്റെ പരമോന്നത നേതാവ് ഹൈബതുല്ലാ അഖുന്ദ്സാദയാണ് പ്രഖ്യാപനം നടത്തിയത്. നിയമം ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.
അഫ്ഗാൻ പരമോന്നത നേതാവ് ഇന്നുമുതൽ രാജ്യത്ത് കറുപ്പ് കൃഷി കർശനമായി നിരോധിച്ചതായി ഉത്തരവിൽ പറയുന്നു. മയക്കുമരുന്നുകളുടെ ഉൽപാദനവും ഉപയോഗവും വിൽപനയുമെല്ലാം നിയമംമൂലം നിരോധിച്ചിട്ടുണ്ട്. ആരെങ്കിലും ഉത്തരവ് ലംഘിച്ചാൽ കൃഷി ഉടൻ തന്നെ പൂർണമായി നശിപ്പിക്കുകയും ശരീഅ നിയമപ്രകാരമുള്ള ശിക്ഷാനടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്നും ഉത്തരവിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.