തിരുവനന്തപുരം: ആരോഗ്യപ്രശ്നങ്ങളെ തുടർന്നു ചികിത്സയിൽ കഴിയുന്ന തിരക്കഥാകൃത്തും സാംസ്കാരിക പ്രവര്‍ത്തകനുമായ ജോണ്‍ പോളിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ അനുവദിച്ചു.
ശ്വാസ തടസവും മറ്റ് ആരോഗ്യപ്രശ്നങ്ങളും മൂലം രണ്ട് മാസത്തോളമായി അദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്. ചികിത്സയെ തുടർന്ന് കുടുംബം സാമ്പത്തിക പ്രതിസന്ധി നേരിട്ടതോടെ സുഹൃത്തുക്കൾ സഹായമഭ്യർഥിച്ച് രംഗത്തെത്തിയിരുന്നു.
ജോണ്‍ പോളിനെ എറണാകുളം ലിസി ആശുപത്രിയില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് സന്ദര്‍ശിച്ചു. ചികിത്സയുടെ കാര്യം അദ്ദേഹത്തിന്റെ മകളുമായി നേരത്തെ ചര്‍ച്ചചെയ്തിരുന്നതായി മന്ത്രി പറഞ്ഞു.
ചികിത്സാ സഹായത്തിന്റെ കാര്യം സാനുമാഷ് കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്തിരുന്നു. അദ്ദേഹം അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്, രാജീവ് വ്യക്തമാക്കി.