തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വി. മുരളീധന് വീടുകള്‍ കയറി പ്രചരണം നല്‍കിയത് ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണെന്ന് സിപിഎം. മുരളീധരന്റേത് ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കാനുള്ള ശ്രമമാണെന്ന് സിപിഎം കുറ്റപ്പെടുത്തി.
കേന്ദ്രം തത്വത്തില്‍ അനുമതി നല്കിയ പദ്ധതിക്കെതിരെ കേന്ദ്രമന്ത്രി വീട് കയറുന്നു. സുപ്രീംകോടതിയും പദ്ധതിക്ക് അനുമതി നല്കി. വി. മുരളീധരന്റെ നടപടി വിരോധാഭാസമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താക്കുറിപ്പില്‍ വിശദമാക്കി.
അതേസമയം, കേരളത്തിന് വേണ്ടി നയാ പൈസയുടെ ഗുണം കേന്ദ്രമന്ത്രി വി. മുരളീധരനെ കൊണ്ടില്ലെന്ന വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി.
ഇന്ധനവിലവര്ധനയില്നിന്ന് ശ്രദ്ധതിരിക്കാനാണ് മുരളീധരന്റെ ശ്രമം. അദ്ദേഹം കേരളത്തിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ നോക്കട്ടെ. കേരളത്തിനുവേണ്ടി നയാപൈസയുടെ ഗുണം ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. അതൊന്നും ചെയ്യാതെ എന്തെങ്കിലും വിലകുറഞ്ഞ കാര്യങ്ങള്‍ പറഞ്ഞ് ശ്രദ്ധപിടിച്ചുപറ്റുന്നത് മന്ത്രിക്ക് ഭൂഷണമല്ലെന്ന് കോടിയേരി പറഞ്ഞു.