കറാച്ചി: പാകിസ്താനില്‍ തെരഞ്ഞെടുപ്പിന് തയ്യാറാകാന്‍ ജനത്തോട് ആഹ്വനം ചെയ്‌ത് ഇമ്രാൻ ഖാൻ. ദേശീയ അസംബ്ലി പിരിച്ചുവിടാൻ ഇമ്രാൻ ഖാൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്‌തു. തെരെഞ്ഞെടുപ്പ് വരെ കാവൽ പ്രധാന മന്ത്രിയായി തുടരുമെന്ന് ഇമ്രാൻ ഖാൻ അറിയിച്ചു.
കൂടാതെ ഇന്ന് വോട്ടെടുപ്പ് നടന്നില്ല അതുകൊണ്ട് തന്നെ പാക് പ്രധാനമന്ത്രിയായി ഇമ്രാൻ ഖാൻ തുടരും. ഇതുമായി ബന്ധപ്പെട്ട് പാക് അസംബ്ലിയിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പാക് ദേശീയ അസംബ്ലി പിരിഞ്ഞു.
അവിശ്വാസ പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) വ്യക്തമാക്കി കഴിഞ്ഞു. നടന്നത് ഭരണഘടനാ ലംഘനമാണെന്നാണ് പിപിപി വാദം, നീതി കിട്ടും വരെ സഭയിൽ തുടരാനാണ് തീരുമാനം. അതിനിടെ പ്രധാനമന്ത്രിയുടെ ശുപാർശ സ്വീകരിച്ച് ദേശീയ അസംബ്ലി പിരിച്ചു വിട്ടതായി പാക് പ്രസിഡൻ്റ് ആരിഫ് അലവി അറിയിച്ചു.
ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ദേശീയ അസംബ്ലിയിൽ അവതരിപ്പിക്കാൻ ഡെപ്യുട്ടി സ്പീക്കർ അനുമതി നിഷേധിക്കുകയായിരുന്നു. ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഭരണഘടനാ വിരുദ്ധമാണെന്നാണ് ഡെപ്യുട്ടി സ്പീക്കർ ക്വസിം സൂരി പറഞ്ഞത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്ന് സ്പീക്കറുടെ റൂളിംഗ്.
അവതരിപ്പിക്കാൻപോലും അനുവദിക്കാതെ അവിശ്വാസപ്രമേയം തള്ളിയ ഡെപ്യുട്ടി സ്പീക്കർക്കെതിരെ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷ അംഗങ്ങൾ എണീറ്റെങ്കിലും ഫലം ഉണ്ടായില്ല. സഭ പിരിയുന്നതായി പ്രഖ്യാപിച്ച ക്വസിം സൂരി ഇരിപ്പിടാം വിട്ടിറങ്ങി. ദേശീയ അസംബ്ലിയിൽ എത്താതെ ഔദ്യോഗിക വസതിയിലിരുന്ന് എല്ലാം ടെലിവിഷനിൽ കാണുകയായിരുന്ന ഇമ്രാൻ ഖാൻ നിമിഷങ്ങൾക്കകം രാജ്യത്തെ അഭിസംബോധന ചെയ്തു.
ഉചിതമായ തീരുമാനം എടുത്തതിന് ഡെപ്യുട്ടി സ്പീക്കർക്ക് നന്ദിയറിയിച്ച പാക് പ്രധാനമന്ത്രി ദേശീയ അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് ശുപാർശ നൽകിയെന്ന് രാജ്യത്തെ അറിയിച്ചു. ഈ ഘട്ടത്തിൽ തെരഞ്ഞെടുപ്പ് മാത്രമാണ് പോംവഴിയെന്നായിരുന്നു ഇമ്രാൻ്റെ വിശദീകരണം.
















