തിരുവനന്തപുരം: കഴിഞ്ഞ സാമ്പത്തിക വർഷം (2021-22) സംസ്ഥാനത്തിന്റെ ആകെ പദ്ധതി വിഹിതത്തിൽ 100 ശതമാനത്തിലേറെ ചെലവഴിച്ചു. സാമ്പത്തിക വർഷത്തിന്റെ അവസാന ദിനമായ മാർച്ച് 31 വരെ ആകെ പദ്ധതി വിഹിതത്തിന്റെ 100.61 ശതമാനം വിനിയോഗിക്കപ്പെട്ടതായാണു കണക്കുകൾ.
2021-22 സാമ്പത്തിക വർഷം 27,610 കോടി രൂപയായിരുന്നു സംസ്ഥാനത്തിന്റെ ആകെ പദ്ധതിയടങ്കൽ. 27,779.17 കോടി രൂപ ചെലവഴിച്ചതായി ട്രഷറിയിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. മുൻ വർഷത്തെ കുടിശിക ഉൾപ്പെടെ അധിക തുക അടങ്കൽ പദ്ധതിയടങ്കലിനു പുറമേ നൽകിയതിനാലാണു ബജറ്റ് വിഹിതത്തേക്കാൾ കൂടുതൽ തുക ചെലവഴിക്കാനായത്.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിനും 100 ശതമാനത്തിനു മേൽ ചെലവഴിക്കാനായി. 108.15 ശതമാനമാണു തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിച്ചെലവ്. ആകെ പദ്ധതിയടങ്കൽ 7,280 കോടിയും ചെലവഴിക്കാനായത് 7,873.18 കോടിയുമാണ്.
കേന്ദ്രാവിഷ്കൃത പദ്ധതികളിലെ കേന്ദ്ര വിഹിതത്തിൽ 2021-22 സാമ്പത്തിക വർഷം 45.87 ശതമാനം തുക വിനിയോഗിച്ചു. മുൻ സാമ്പത്തിക വർഷം ഇത് 59.68 ശതമാനമായിരുന്നു.