ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ മത്സരത്തിൽ ആലീസ ഹീലിയുടെ ഇടിവെട്ട് ശതകത്തിന്റെ കരുത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 357 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഓസ്ട്രേലിയ . ക്രൈസ്റ്റ് ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സ് സ്കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതം 170 റണ്‍സ് പേരിൽ ആക്കി.
പവര്‍പ്ലേയില്‍ 37 റണ്‍സ് മാത്രം നേടിയ ഓസ്ട്രേലിയന്‍ വനിതകള്‍ പിന്നീട് കാലുറപ്പിച്ച് ഹിമാലയന്‍ സ്കോറിലേക്ക് കത്തിക്കയറുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് അലീസ ഹീലി-റേച്ചല്‍ ഹൈന്‍സ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ 30-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ഓസീസ് ഒന്നാം വിക്കറ്റില്‍ 29.1 ഓവറില്‍ 160 റണ്‍സ് ചേര്‍ത്തു. 93 പന്തില്‍ 68 റണ്‍സെടുത്ത റേച്ചല്‍ ഹൈന്‍സാണ് ആദ്യം പുറത്തായത്. മൂന്നാമതായി ക്രീസിലെത്തിയ ബേത് മൂണിയാവട്ടെ 47 പന്തില്‍ 62 റണ്‍സുമായി സ്കോറിംഗ് വേഗം കൂട്ടി. ഓപ്പണറായി ഇറങ്ങിയ ഹീലിയുടെ ഇന്നിംഗ്സ് 46-ാം ഓവര്‍ വരെ നീണ്ടുനിന്നു.