തിരുവനന്തപുരം: നാലു വർഷമോ അതിൽ കൂടുതലോ നികുതി കുടിശികയുള്ള വാഹനങ്ങളുടെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 2023 മാർച്ച് 31 വരെ നീട്ടിയതായി ഗതാഗതമന്ത്രി ആന്റണി രാജു. ഈ പദ്ധതി പ്രകാരം 2018 മാർച്ച് വരെയുള്ള വാഹനങ്ങളുടെ നികുതി കുടിശിക പൂർണമായും ഒഴിവാക്കി. അതിനുശേഷം 2022 മാർച്ച് വരെ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും നികുതിയടച്ച് ഇതുവരെയുള്ള കുടിശിക ഒഴിവാക്കാം.
വാഹനം വീണ്ടും ഉപയോഗിക്കുന്നില്ലെങ്കിൽ സത്യവാങ്മൂലം നൽകി ഭാവി നികുതി ബാധ്യതകളിൽ നിന്നും ഒഴിവാകാവുന്നതുമാണ്. ഉപയോഗശൂന്യമായതും വിറ്റ് പോയതുമായ വാഹനങ്ങളുടെ ഉടമകൾ ഈ പദ്ധതി പ്രയോജനപ്പെടുത്തണം.കോവിഡിന്റെ പശ്ചാത്തലത്തിൽ പല വാഹന ഉടമകൾക്കും ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാൻ കഴിയില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ആന്റണി രാജു പറഞ്ഞു.