കേരളത്തിൽ ഇന്ന് റമദാൻ വ്രതാരംഭം. ഇന്നലെ മാസപ്പിറവി ദർശിച്ചതിനാൽ ഇന്ന് റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു.ഇനിയുള്ള 30 ദിവസവും ഓരോ ഇസ്ലാം മതവിശ്വാസികളുടെയും വീടുകൾ ഭക്തിനിർഭരമായിരിക്കും.
മലപ്പുറം പരപ്പനങ്ങാടി ആലുങ്ങൽ ബീച്ചിൽ മാസപ്പിറവി ദൃശ്യമായെന്ന സ്ഥിരീകരണം വന്നതോടെ ഖാദിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ,മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, ജിഫ്രി മുത്തുക്കോയ തങ്ങൾ തുടങ്ങിയവർ ഇന്ന് വ്രതകാലത്തിന് തുടക്കമാകുന്നതായി പ്രഖ്യാപിച്ചു. പ്രഭാതം മുതൽ പ്രദോഷം വരെ അന്ന പാനീയങ്ങൾ ഉപേക്ഷിച്ച് പ്രാർത്ഥനകളിൽ മുഴുകാൻ ലോകത്തെമ്പാടും വിശ്വാസികൾ തയ്യാറായി കഴിഞ്ഞു. പളളികളിലും വീടുകളിലും നേരത്തെ വിശ്വാസികൾ ഇതിനുളള ഒരുക്കങ്ങൾ നടത്തിയിരുന്നു.
പ്രപഞ്ചനാഥന്റെ കാരുണ്യം പെയ്തിറങ്ങുന്ന സന്തോഷത്തിന്റെ രാപകലുകളാണ് ഇനിയുള്ള ഓരോ ദിനങ്ങളും. വീടും പരിസരവും അഴുക്കുകളിൽ നിന്നും സംശുദ്ധമാക്കി, മനോഹരമായ സജ്ജീകരണങ്ങളോടെ വിശുദ്ധ റമദാനെ വരവേൽക്കാനായി മസ്ജിദുകളും തയാറായി കഴിഞ്ഞു. ഇനി ഒരുമാസക്കാലം വിശ്വാസികൾ പകൽ മുഴുവൻ ഭക്ഷണവും വെള്ളവും വെടിഞ്ഞ് നോമ്പ് നോക്കും. കണ്ണും നാവും ചെവിയുമെല്ലാം അരുതായ്മകളിൽ നിന്നടർത്തിയെടുത്ത് ദൈവത്തിൽ മാത്രം മനസർപ്പിക്കും. ആ മാസത്തിന്റെ പുണ്യം ആവോളം നേടിയെടുക്കാനുള്ള ശ്രമത്തിലാവും ഇനി ഓരോ വിശ്വാസിയും.