പുണെ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിന് തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വിജയം. ഡല്‍ഹി ക്യാപിറ്റല്‍സിനെ തകര്‍ത്താണ് ഗുജറാത്ത് രണ്ടാം വിജയം ആഘോഷിച്ചത്. 14 റണ്‍സിനാണ് ടീമിന്റെ വിജയം.
ഗുജറാത്ത് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡല്‍ഹിയ്ക്ക് നിശ്ചിത ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 84 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും നാലുവിക്കറ്റെടുത്ത ലോക്കി ഫെര്‍ഗൂസനുമാണ് ഡല്‍ഹിയെ തകര്‍ത്തത്.
172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിയ്ക്ക് അത്ര മികച്ച തുടക്കമല്ല ലഭിച്ചത്. 29 പന്തിൽ ഏഴു ഫോറുകളോടെ 43 റൺസെടുത്ത ക്യാപ്റ്റൻ ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ് സ്കോറർ. ലളിത് യാദവ് (22 പന്തിൽ 25), മൻദീപ് സിങ് (16 പന്തിൽ 18), റൂവ്മൻ പവൽ (12 പന്തിൽ 20) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. കുൽദീപ് യാദവ് 14 പന്തിൽ 14 റൺസോടെയും മുസ്താഫിസുർ റഹ്മാൻ അഞ്ച് പന്തിൽ മൂന്നു റൺസോടെയും പുറത്താകാതെ നിന്നു.
അതേസമയം, ഓപ്പണർമാരായ പൃഥ്വി ഷാ (ഏഴു പന്തിൽ 10), ടിം സീഫർട്ട് (അഞ്ച് പന്തിൽ മൂന്ന്), അക്ഷർ പട്ടേൽ (നാലു പന്തിൽ എട്ട്), ഷാർദുൽ ഠാക്കൂർ (അഞ്ച് പന്തിൽ രണ്ട്), ഖലീൽ അഹമ്മദ് (0) എന്നിവർ നിരാശപ്പെടുത്തി.
നാല് ഓവറിൽ 28 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ലോക്കി ഫെർഗൂസനു പുറമെ നാല് ഓവറിൽ 30 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും ഗുജറാത്തിനായി തിളങ്ങി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 22 റൺസ് വഴങ്ങിയും റാഷിദ് ഖാൻ നാല് ഓവറിൽ 30 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിനുവേണ്ടി ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും ഗില്‍ പതറാതെ പിടിച്ചുനിന്നു. 46 പന്തുകൾ നേരിട്ട ഗിൽ ആറു ഫോറും നാലു സിക്സും സഹിതം 84 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെ പ്രകടനവും ഗുജറാത്ത് ഇന്നിങ്സിൽ നിർണായകമായി. പാണ്ഡ്യ 27 പന്തിൽ നാലു ഫോറുകൾ സഹിതം 31 റൺസെടുത്തു. 44 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ ഗുജറാത്തിന്, മൂന്നാം വിക്കറ്റിൽ പാണ്ഡ്യ – ഗിൽ സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്കോറിന് അടിത്തറയൊരുക്കിയത്.
ഡല്‍ഹിയ്ക്ക് വേണ്ടി മുസ്താഫിസുര്‍ നാലോവറില്‍ വെറും 23 റണ്‍സ് മാത്രം വഴങ്ങി മൂന്നുവിക്കറ്റെടുത്തപ്പോള്‍ ഖലീല്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് ഒരു വിക്കറ്റ് സ്വന്തമാക്കി.